കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, ഗര്‍ഭിണി വെന്തുമരിച്ചു; ഭർത്താവിന് ഗുരുതര പൊള്ളൽ

ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചുണ്ടായ അപകടത്തിൽ ഗർഭിണി വെന്തുമരിച്ചു. ചെറുവണ്ണൂർ കക്കറമുക്ക് സ്വദേശി റിജിൻലാലിന്റെ ഭാര്യ പൂവത്തുംചാലിൽ സോന (27) ആണ് മരിച്ചത്. കാർ ഓടിച്ച ഭർത്താവ് റിജിൻലാലിനെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. മരിച്ച സോന ആറു മാസം ഗർഭിണിയായിരുന്നു. ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച കാറാണ് കത്തിയമർന്നത്. റോഡിലൂടെ പോവുകയായിരുന്ന കാറിൽനിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ നാട്ടുകാർ സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു.

മേലുദ്യോഗസ്ഥ പൂര്‍ണനഗ്നയായി മുറിയിലേക്ക് വന്ന് കൂടെ കിടക്കാനാവശ്യപ്പെട്ടു’; ലോര്‍ണക്കെതിരെ വീണ്ടും മൊഴികള്‍

ഡ്രൈവർ സീറ്റിൽ നിന്ന് റിജിൻ പുറത്തിറങ്ങിയെങ്കിലും കാറിന്റെ പിൻഭാഗത്തെ സീറ്റിലായിരുന്ന സോന ഡോർ ലോക്ക് ആയതിനാൽ ഉള്ളിൽ കുടുങ്ങുകയായിരുന്നു. തൊട്ടടുത്ത വയലിൽനിന്ന് വെള്ളം കോരിയൊഴിച്ച് നാട്ടുകാർ തീയണയ്ക്കാനും ഇവരെ പുറത്തെടുക്കാനും ശ്രമിച്ചു. റിജിൻലാൽ സമീപത്തെ തോട്ടിൽ ഇറങ്ങിയാണ് വസ്ത്രത്തിലെ തീയണച്ചത്. റിജിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.

പേരാമ്പ്രയിൽനിന്ന് ഫയർഫോഴ്സ് യൂണിറ്റ് സംഭവസ്ഥലത്ത് എത്തിയ ശേഷമാണ് സോനയുടെ മൃതദേഹം പുറത്തെടുത്തത്. കാറിന്റെ മുൻഭാഗത്ത് വലിയ തോതിൽ തീപിടിച്ചിട്ടില്ല. മേപ്പയൂർ പൊലീസും ഫയർഫോഴ്സും സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സോനയുടെ മൃതദേഹം പേരാമ്പ്ര കല്ലോട് ആശുപത്രിയിലേക്ക് മാറ്റി. ഇതേ ആശുപത്രിയിൽ രാത്രി സോനയെ കാണിച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കാറിൽ തീപിടിത്തം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *