വിനോദസഞ്ചാരികളെ രക്ഷിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട ഗൈഡിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം മൂന്നു ദിവസത്തിനുശേഷം കണ്ടെത്തി. ടൂറിസ്റ്റ് ഗൈഡായ മലപ്പുറം കീഴ്ശേരി വട്ടോളി കണ്ണംകുത്ത് ഷിബിൽ റഹ്മാന്റെ (25) മൃതദേഹമാണ് കണ്ടെത്തിയത്. ബെംഗളൂരുവിൽ നിന്നും എത്തിയ 12 അംഗ വിനോദസഞ്ചാര സംഘത്തിന്റെ ഗൈഡായി എത്തിയതായിരുന്നു ഷിബിൽ സംഘത്തിലെ നാലുപേർ പുഴയിൽ ഒഴുക്കിൽപ്പെട്ടപ്പോൾ ഷിബിൽ ഇവരെ രക്ഷിക്കാൻ ഇറങ്ങുകയായിരുന്നു.

ആനക്കാംപൊയിൽ കണ്ടപ്പൻചാൽ തൂക്കുപാലത്തിനടിയിലാണ് സംഘം കുളിക്കാനായി ഇറങ്ങിയത്. പുഴയിലും പരിസരത്തും തെളിഞ്ഞ കാലാവസ്ഥയും വെയിലും ആയിരുന്നെങ്കിലും വനമേഖലയിൽ മഴപെയ്തതോടെയാണ് ഇരുവഞ്ഞിപ്പുഴയിൽ അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലുണ്ടായി. ഒഴുക്കിൽപ്പെട്ട ബെംഗളൂരു സ്വദേശികളായ നിഖിത (24), പ്രണിൽ (22), കിഷോർ (22) എന്നിവര്‍ ഒഴുക്കിൽപ്പെട്ടതു കണ്ടതാണ് ഷിബിൽ പുഴയിൽ ചാടിയത്. എന്നാൽ ഇദ്ദേഹം ഒഴുക്കിൽപ്പെടുകയായിരുന്നു. തുടർന്ന് പ്രദേശവാസികളും മുക്കത്ത് നിന്നെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും നടത്തിയ അടിയന്തര രക്ഷാപ്രവർത്തനത്തിൽ വിനോദസഞ്ചാരികളെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചു. കാണാതായ ഷിബിലിനു വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും കഴിഞ്ഞ രണ്ടുദിവസവും മൃതദേഹം കണ്ടെത്താനായില്ല.

Leave a Reply

Your email address will not be published. Required fields are marked *