മംഗളൂരു–തിരുവനന്തപുരം എക്സ്പ്രസില്‍ ടിടിഇയെ യാത്രക്കാരി മര്‍ദിച്ച കേസില്‍ വെളിപ്പെടുത്തലുമായി സഹയാത്രികര്‍. ദില്‍ഷാദ് എന്ന യുവാവാണ് ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പങ്കുവച്ചത്. സംഭവസമയത്ത് അതേ ട്രെയിനില്‍ എറണാകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്നു ദില്‍ഷാദും സുഹൃത്തും. ജനറല്‍ ടിക്കറ്റെടുത്ത് കയറിയ യുവാക്കള്‍ സ്ലീപ്പറിലേക്ക് കണ്‍വെര്‍ട്ട ്ചെയ്യുന്നതിനായി ടിടിഇയെ കാണാന്‍ എത്തിയതായിരുന്നു. അപ്പോഴാണ് യുവതി ടിടിഇയെ അസഭ്യം പറയുന്നതും പിന്നാലെ മുഖത്തടിച്ചതും കണ്ടത്. വാതിലിനരികില്‍ നിന്ന രണ്ടുപേരും വീഴാനൊരുങ്ങിയെന്നും തങ്ങള്‍ പിടിച്ചതിനാലാണ് പുറത്തേക്ക് വീഴാതിരുന്നതെന്നും യുവാക്കള്‍ വിഡിയോയില്‍ പറയുന്നു
‘ടിടിഇയുടെ പക്ഷത്താണ് ന്യായമെന്നതിനാല്‍ ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരെല്ലാം അദ്ദേഹത്തിനൊപ്പം നിന്നുവെന്നും വിഡിയോയില്‍ പറയുന്നു. ആളുകള്‍ വിഡിയോ പകര്‍ത്തിയതില്‍ ആ യുവതിക്കൊപ്പം തങ്ങളുടെ മുഖവും വന്നുവെന്നും അവര്‍ക്കൊപ്പമാണെന്ന് കരുതരുതെന്നും യുവാക്കള്‍ അഭ്യര്‍ഥിച്ചു. യുവതി കേട്ടാലറയ്ക്കുന്ന അസഭ്യം പറഞ്ഞുവെന്നും ടിടിഇ പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോള്‍ ‘പൊലീസിനെ വിളിക്ക്, താന്‍ എന്നെ കയറിപ്പിടിച്ചെന്ന് ഞാന്‍ പറഞ്ഞോളാം’ എന്ന് യുവതി പറഞ്ഞുവെന്നും യാത്രക്കാരിലൊരാള്‍ പറയുന്നു.


