ന്യൂഡല്‍ഹി: ചുംബിക്കുന്നതിനിടെ യുവാവിന്റെ നാവ് കടിച്ചെടുത്തു. സംഭവത്തില്‍ എട്ടുമാസം ഗര്‍ഭിണിയായ ഭാര്യ അറസ്റ്റില്‍. ഡല്‍ഹിയിലെ റന്‍ഹോള മേഖലയില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സൗന്ദര്യം ഇല്ലെന്ന കാരണത്താലാണ് 22കാരനായ ഭര്‍ത്താവിന്റെ നാവ് ചുംബനത്തിനിടെ ഭാര്യ പകുതിയോളം കടിച്ചെടുത്തത്. 22കാരിയായ കാജല്‍ എന്ന യുവതിയാണ് കരണ്‍സിംങ് എന്ന ഭര്‍ത്താവിനെ സൗന്ദര്യമില്ലെന്ന കാരണം കൊണ്ട് ക്രൂരമായി ശിക്ഷിച്ചത്.

ഭര്‍ത്താവിന്റെ സൗന്ദര്യക്കുറവ് കാരണം യുവതി അസന്തുഷ്ടയായിരുന്നുവെന്ന് അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞു. ഇക്കാരണവും പറഞ്ഞ് ദമ്ബതികള്‍ തമ്മില്‍ പതിവായി വഴിക്കിടാറുണ്ടായിരുന്നു. ശനിയാഴ്ച രാത്രി വഴക്കുണ്ടായ ശേഷം അത് പരിഹരിച്ച് ഇരുവരും ഉറങ്ങാന്‍ പോയതായിരുന്നു.

അര്‍ധരാത്രിയോടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാര്‍ കണ്ടത് വായില്‍ നിന്ന് ചോരയൊലിപ്പിച്ച് നില്‍ക്കുന്ന കരണിനെയാണ്. അയല്‍വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പോലീസാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. സഫ്ദര്‍ജങ്ക് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ഇയാളുടെ സംസാരശേഷി തിരികെ കിട്ടാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

എട്ടുമാസം ഗര്‍ഭിണിയായ കാജലിനെതിരെ പോലീസ് ക്രിമിനല്‍ നിയമം 326 വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ജീവപര്യന്തം തടവു വരെ ലഭിക്കാവുന്ന വകുപ്പാണിത്. തുടര്‍ന്ന് കാജലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. 2016 ലാണ് തെരുവു കലാകാരനായ കരണും കാജലും വിവാഹിതരായത്.

Leave a Reply

Your email address will not be published. Required fields are marked *