മൂവാറ്റുപുഴ: മാറാടിയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ അനൂപ് (17) മരിച്ചു. കൊട്ടാരക്കര നെല്ലിക്കുന്നം പറങ്കിമാംവിള പുത്തന്‍പുരവീട്ടില്‍ അലക്‌സാണ്ടറുടെ മകനാണ് അനൂപ്. തൃശൂരില്‍ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്.

ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. അമിതവേഗത്തില്‍ വന്ന രണ്ട് ബൈക്കുകളിലൊന്ന് ബസിനടിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് ബൈക്കില്‍ നിന്ന് ഇന്ധനം ചോരുകയും ബസിന്റെ അടിഭാഗത്ത് ഉരസി തീപിടിക്കുകയുമായിരുന്നു. തീപിടിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെ കണ്ടക്ടറും ഡ്രൈവറും സമയോചിതമായി ഇടപെട്ട് യാത്രക്കാരെ പുറത്തിറക്കി.

ബസ് പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. ബസിനടിയില്‍പ്പെട്ട അനൂപിന് തലയിലുള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു. അനൂപിനെ ബസിനടിയില്‍ നിന്നും പുറത്തെടുത്ത് നാട്ടുകാര്‍ മൂവാറ്റുപുഴയിലെ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും മാറ്റിയിരുന്നു എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *