മെസിയുടെ പേരിലെ തട്ടിപ്പ്: സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു.ഷറഫലിയെയും പ്രതി ചേർത്തേക്കും

തിരുവനന്തപുരം: ലിയോണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പിൽ സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു.ഷറഫലിയെയും പ്രതി ചേർത്തേക്കും. യു.ഷറഫലിക്കെതിരെയും തെളിവുണ്ടന്നും കരാറിൽ ഷറഫലി ഒപ്പിട്ടത് ഗൂഡാലോചനയുടെ ഭാഗമെന്നും എസ്ഐടി. ചോദ്യം ചെയ്യലിൽ ഷറഫലി നൽകിയ മൊഴികളിൽ വൈരുദ്ധ്യമെന്നും വിലയിരുത്തൽ. അർജന്റീന ടീമിനെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് താൻ സാക്ഷിയായിട്ടാണ് ഒപ്പിട്ടതെന്നാണ് ഷറഫലി പറഞ്ഞിരുന്നത്.

എസ് ഐ ടി നൽകിയ റിപ്പോർട്ട് ഡിജിപി ഇന്ന് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറും. അതിനുശേഷം തുടർനടപടികൾ ഉണ്ടാകും. മെസിയുടെ പേരിൽ നടന്ന തട്ടിപ്പിൽ മുൻ കായിക മന്ത്രി വി.അബ്ദുറഹിമാനെ പ്രതി ചേർത്തേക്കും. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും സ്പോൺസർക്ക് അന്യായമായ ലാഭം ഉണ്ടാക്കാൻ സഹായം ചെയ്തെന്നും എസ്ഐടി വിലയിരുത്തൽ. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം കൂടി ചുമത്തണമെന്നാണ് എസ്ഐടി ശുപാർശ ചെയ്തിരുന്നത്.

ചട്ടംലംഘിച്ചുള്ള സ്പോൺസർഷിപ്പിലും മന്ത്രിയുടെ വിദേശയാത്രയിലുമാണ് മുൻ മന്ത്രിയിൽ നിന്ന് എസ്ഐടി വിവരങ്ങൾ തേടിയത്. മൊഴിയും രേഖകളും വിശദമായി പരിശോധിച്ച ശേഷം പ്രതി ചേർക്കുന്നതിൽ അന്തിമ തീരുമാനം എടുക്കും. മന്ത്രിയുടെ ഓഫീസിൽനിന്നുള്ള കത്തിടപാടുകൾ, ടെൻഡറില്ലാതെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ സ്പോൺസറായി തിരഞ്ഞെടുത്തത്, അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള ചർച്ചകൾക്കായുള്ള വിദേശയാത്ര അങ്ങെനെ എല്ലാം അന്വേഷണത്തിന്റെ പരിധിയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *