കൊച്ചി കൂട്ടബലാത്സംഗം: ഒളിവിലായിരുന്ന വയനാട് സ്വദേശിനിയും യുവാവും പിടിയിൽ

കൊച്ചി: കളമശേരിയിൽ സ്പായിൽ ജോലി വാഗ്ദാനം നൽകി മുൻ അധ്യാപികയായ യുവതിയെ ലഹരി നൽകി പീഡിപ്പിച്ച സംഭവത്തിൽ രണ്ടു പേർ കൂടി പിടിയിൽ. രണ്ടാം പ്രതി വയനാട് സ്വദേശി അമ്മു എന്ന ശരണ്യ, ഇവരുടെ സുഹൃത്ത് മൂന്നാം പ്രതി സഞ്ജു എന്നിവരാണ് ഇന്നു രാവിലെ പിടിയിലായത്. വയനാട്ടുനിന്നുമാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

സ്പായിൽ ജോലിനൽകാമെന്നുപറഞ്ഞ് അഭിമുഖത്തിന് വിളിച്ച യുവതിയെ ലോഡ്ജിൽവെച്ച് ബലമായി മദ്യവും മയക്കുമരുന്നും നൽകിയശേഷം ശ്രീരാജ്, ജിത്ത് മാർട്ടിൻ എന്നിവർ ഒക്ടോബർ രണ്ടിന് ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ വയനാട് സ്വദേശിനിയും യുവതിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന് പോലീസ് പറഞ്ഞു. സഞ്ജു ഇവരുടെ സഹായിയായി പ്രവർത്തിച്ചു എന്നാണ് കണ്ടെത്തൽ. സ്പായുടെ ഉടമയായ ശ്രീരാജിനെയും ജിത്ത് മാർട്ടിനെയും പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

ഒക്ടോബർ മൂന്നിന് വൈകീട്ട് ലോഡ്ജിൽനിന്നും രക്ഷപ്പെട്ട് വീട്ടിലെത്തിയ യുവതി വിവരം പറഞ്ഞതിനെ തുടർന്ന് ഭർത്താവ് കളമശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സംഭവത്തെ തുടർന്ന് യുവതി ചികിത്സയിലാണ്. ഇവരുടെ മാനസികനിലതന്നെ താളംതെറ്റിയ അവസ്ഥയിലാണെന്ന് ഭർത്താവ് മാധ്യമങ്ങളോട് പറഞ്ഞു.

ബലാത്സംഗത്തിനിരയായ അതിജീവിതയ്ക്ക് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ അറിയിച്ചു. അതിജീവിതയുടെ ഭർത്താവുമായി മന്ത്രി ഫോണിൽ സംസാരിക്കുകയും നിലവിലെ സാഹചര്യം നേരിട്ട് അന്വേഷിക്കുകയും ചെയ്തു. അതിജീവിതയ്ക്ക് ആവശ്യമായ ചികിത്സയും നിയമസഹായവും ഉൾപ്പെടെയുള്ള എല്ലാ സർക്കാർസഹായങ്ങളും ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *