
കാലാവസ്ഥ വ്യതിയാനവും ആഗോള തലത്തിലെ യുദ്ധങ്ങളും വിതരണ ശൃംഖലയിലുണ്ടാക്കുന്ന തടസ്സങ്ങളും ലോകത്തെ കടുത്ത ഭക്ഷ്യപ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. പസഫിക് സമുദ്രത്തിലുണ്ടാകുന്ന താപനില വർധനവ് മൂലമുണ്ടാകുന്ന ‘എൽ നിനോ’ പ്രതിഭാസം കരുത്താർജിക്കുന്നതോടെ കാപ്പി, പാമോയിൽ, അരി, വെളിച്ചെണ്ണ, ഗോതമ്പ് തുടങ്ങിയ സാധനങ്ങളുടെ വില കുതിച്ചുയർന്നേക്കുമെന്നാണ് റിപ്പോർട്ട്.
കാപ്പി വില മുന്നോട്ട്
ലോകത്തെ പ്രധാന കാപ്പി ഉൽപ്പാദക രാജ്യങ്ങളായ ബ്രസീലിലും വിയറ്റ്‌നാമിലും മധ്യ അമേരിക്കയിലും മഴയുടെ ലഭ്യതയിൽ വലിയ വ്യതിയാനമുണ്ടാകാൻ എൽ നിനോ കാരണമാകും. ഇത് കാപ്പി ഉൽപ്പാദനത്തെ സാരമായി ബാധിക്കുകയും ആഗോള വിപണിയിൽ കാപ്പിപ്പൊടിക്കും അനുബന്ധ ഉൽപ്പന്നങ്ങൾക്കും വലിയ വിലക്കയറ്റത്തിന് വഴിതെളിക്കുകയും ചെയ്തേക്കുമെന്നാണ് വിവരം. കാപ്പി പോലെ തന്നെ പാമോയിൽ, അരി, വെളിച്ചെണ്ണ തുടങ്ങിയവയുടെ വിലയിലും എൽനിനോ വില്ലനാകും.
കാപ്പി വില കുതിക്കുമെന്ന പ്രവചനങ്ങളുണ്ടെങ്കിലും നിലവിൽ അന്താരാഷ്ട്ര വിപണിയിൽ വില ഇടിയുകയാണ്. ബ്രസീലിൽ നിന്നുള്ള കാപ്പി ഉൽപ്പാദനവും വിതരണവും ശക്തിപ്പെട്ടതിന്റെ സൂചനകളെ തുടർന്ന് വ്യാപാരികൾ ഉയർന്ന ലാഭമെടുപ്പിലേക്ക് കടന്നതാണ് വിലയിൽ ഇടിവുണ്ടാകാൻ കാരണം. അറബിക്ക, റൊബസ്റ്റ ഫ്യൂച്ചേഴ്സ് കരാറുകളിൽ കനത്ത വിലയിടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തുടക്കത്തിൽ ഉയർന്ന നിലവാരത്തിൽ വ്യാപാരം ആരംഭിച്ച കാപ്പി വിപണി, ബ്രസീലിയൻ വിപണിയിലെ വരവ് സജീവമായതോടെ താഴേക്ക് വീഴുകയായിരുന്നു. ബ്രസീലിലെ കാലാവസ്ഥയും വിളവെടുപ്പ് സ്ഥിതിവിവരക്കണക്കുകളും വരും ദിവസങ്ങളിൽ വിപണിയെ കൂടുതൽ സ്വാധീനിച്ചേക്കും.
അടുത്ത വർഷം ബ്രസീലിലെ കാപ്പി വിളവിനെ എൽ നിനോ കാലാവസ്ഥാ രീതി ദോഷകരമായി ബാധിക്കുമെന്ന ആശങ്കകൾ വിലയിൽ പ്രതീക്ഷ നൽകുന്നതാണ്. എൽ നിനോ കാലാവസ്ഥാ ഒക്ടോബറിൽ ബ്രസീലിൽ മഴ വൈകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. സാധാരണയായി മരങ്ങൾ പൂക്കുന്ന സമയമാണിത്. ഇത് ബ്രസീലിലെ 2026/27 കാപ്പി വിളയെ ദോഷകരമായി ബാധിക്കും.
കേരളത്തിലെ കാപ്പി വില
കേരളത്തിലെ വിവിധ വിപണികളിൽ കാപ്പി വിലയിൽ നേരിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. കമ്മോഡിറ്റി ഓൺ ലൈൻ റിപ്പോർട്ട് അനുസരിച്ച് സംസ്ഥാനത്തെ പൊതു വിപണിയിലെ കാപ്പി ശരാശരി വില ക്വിന്റലിന് 21,375 – 21,450 രൂപ നിരക്കിലാണ്. കിലോയ്ക്ക് ഏകദേശം 213.75 – 214.50 രൂപയാണ് വില വരുന്നത്. ക്വിന്റലിന് 21,200 രൂപയാണ് കുറഞ്ഞ നിരക്ക്. കൂടിയ നിരക്ക് ക്വിന്റലിന് 21,700 രൂപയും.
