
ഡൽഹി: സി.ജെ.പി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക, അജിങ്ക്യ ഷിൻഡെ എന്നിവർക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചു. അന്വേഷണത്തിൽ പൂർണ്ണമായി സഹകരിക്കണമെന്നും ഇന്ന് (ഒക്ടോബർ 22) തന്നെ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്നും നിർദ്ദേശിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
ജന്തർ മന്തറിലേക്ക് പ്രതിഷേധവുമായി എത്തുന്നതിനിടെ സർക്കാർ ഉത്തരവ് ലംഘിച്ചതിനും സ്വകാര്യ വ്യക്തിയുടെ വസ്തുവിൽ അതിക്രമിച്ച് കയറിയതിനുമാണ് ഇവർക്കെതിരെ കേസ് എടുത്തിട്ടുള്ളത്. ഏഴു ദിവസത്തെ ജയിൽ വാസത്തിന് ശേഷം ഇന്നലെയാണ് (ഒക്ടോബർ 21) അശുതോഷ് റാങ്കയും സൗരവ് ദാസും തിഹാർ ജയിലിൽ നിന്നും പുറത്തിറങ്ങിയത്.
ജന്തർ മന്തറിൽ ഇനി പ്രതിഷേധിക്കില്ലെന്നും പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്യില്ലെന്നും കോടതിയിൽ ഉറപ്പുനൽകി മാപ്പ് പറഞ്ഞാണ് ഇരുവരും പുറത്തിറങ്ങിയത്. സി.ജെ.പി. നേതാക്കളുടെ നടപടിയിലും വ്യവസ്ഥകൾ ലംഘിച്ചതിലും സ്പെഷ്യൽ മജിസ്ട്രേറ്റ് കോടതിയിലും ഡൽഹി ഹൈക്കോടതിയിലും പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. ഈ സാഹചര്യത്തിൽ സി.ജെ.പിയുടെ അടുത്ത ഘട്ട നീക്കങ്ങൾ ഏറെ നിർണ്ണായകമാണ്. ജന്തർ മന്തറിന് പകരം മറ്റൊരു വേദി കണ്ടെത്തി പ്രതിഷേധം തുടരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. തുടർ സമരങ്ങൾ സംബന്ധിച്ച് കൂടിയാലോചനകൾ പുരോഗമിക്കുകയാണെന്ന് പാർട്ടി നേതാക്കൾ വ്യക്തമാക്കി.
