
ദൗസ: രാജസ്ഥാനിലെ ദൗസ ജില്ലയിൽ ഗർഭിണിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒരു സംഘം ആളുകൾ ചേർന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ക്രൂരമായ പീഡനത്തിന് പിന്നാലെ പെൺകുട്ടി സംഭവസ്ഥലത്ത് വച്ച് പ്രസവിക്കുകയായിരുന്നു. എന്നാൽ നവജാത ശിശു മരണപ്പെട്ടതായി പോലീസ് അറിയിച്ചു. കോൽവ പോലീസ് സ്റ്റേഷൻ പരിധിയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂര സംഭവം നടന്നത്. വ്യാഴാഴ്ചയാണ് പോലീസ് ഈ വിവരം പുറത്തുവിട്ടത്. പെൺകുട്ടി നവജാത ശിശുവുമായി ആശുപത്രിയിൽ എത്തിയപ്പോഴാണ് ഈ വിവരം പുറത്തറിയുന്നത്. പരിശോധനയ്ക്ക് ശേഷം കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.
സംഭവത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും, കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ദൗസ പോലീസ് സൂപ്രണ്ട് കുന്ദൻ കൻവാരിയ മാധ്യമങ്ങളോട് പറഞ്ഞു. കേസിൻ്റെ അന്വേഷണ ചുമതല ഒരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന് കൈമാറിയിട്ടുണ്ട്. പീഡനത്തിന് ഇരയായ പെൺകുട്ടിയെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. നിലവിൽ പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
പോലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ പെൺകുട്ടിയുടെ മൊഴിക്ക് വിരുദ്ധമായി ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. വീട്ടിൽ നിന്ന് ഒരു ആൺസുഹൃത്താണ് പെൺകുട്ടിയെ ബൈക്കിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും ദൗസ എസ്പി അറിയിച്ചു.
പെൺകുട്ടി പോലീസിൽ നൽകിയ പരാതി പ്രകാരം ക്രൂരമായ പീഡനമാണ് നടന്നത്. ഒരു സംഘം യുവാക്കൾ ചേർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ഡൽഹി-മുംബൈ എക്സ്പ്രസ് വേയ്ക്ക് സമീപമുള്ള ഒരു വിജനമായ പ്രദേശത്ത് എത്തിച്ച ശേഷം ഇവർ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഈ ആക്രമണത്തിനിടെ പെൺകുട്ടിക്ക് പ്രസവവേദന അനുഭവപ്പെടുകയും സംഭവസ്ഥലത്തുവെച്ച് തന്നെ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ഇതിന് ശേഷമാണ് ഇവർ ആശുപത്രിയിൽ എത്തിയത്. എന്നാൽ കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് ആശുപത്രി അധികൃതർ തന്നെയാണ് ഈ വിവരം പോലീസിനെ അറിയിച്ചത്. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി പോലീസ് ശക്തമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
