
എറണാകുളം: പവർ കട്ടിന് പിന്നാലെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ ട്രോളും മുഖ്യമന്ത്രിയെ പരിഹസിക്കുന്ന ചിത്രവും പങ്കുവച്ചെന്ന പരാതിയിൽ എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ജീവനക്കാർക്കെതിരേ അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്. ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥയ്ക്കും മറ്റ് രണ്ട് ജീവനക്കാർക്കുമെതിരേയാണ് പരാതി ഉയർന്നത്. വൈദ്യുതി മുടങ്ങുമ്പോൾ ഇവർ സർക്കാരിനെ പരിഹസിച്ചും വിമർശിച്ചും സംസാരിക്കുന്നത് പതിവാണെന്നും ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ സർക്കാരിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ പങ്കുവെച്ചെന്നുമാണ് പരാതി. മുഖ്യമന്ത്രിയുടെ ചിത്രം വികൃതമായി ചിത്രീകരിച്ച് ഗ്രൂപ്പിൽ പങ്കുവെച്ചതായും പരാതിയിൽ ആരോപിക്കുന്നു.
ഡിഇഒ ഇകെഎം ഒഫീഷ്യൽ’ എന്ന വാട്സാപ്പ് ഗ്രൂപ്പിൽ ആണ് പവർകട്ടിനെതിരേയും മുഖ്യമന്ത്രിക്ക് എതിരേയും പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. ഈ ഗ്രൂപ്പിൽ ജീവനക്കാർ പങ്കുവെച്ച പോസ്റ്റിന്റെ പകർപ്പ് ഉൾപ്പെടെ തെളിവായി സമർപ്പിച്ചുകൊണ്ട് ഡിസിസി ജനറൽ സെക്രട്ടറി വിൽസൺ ജോൺ ആണ് സംഭവത്തിൽ പരാതി നൽകിയിരിക്കുന്നത്.
സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് ജീവനക്കാർ നടത്തിയതെന്നാണ് പരാതിക്കാരനായ വിൽസൺ ജോണിന്റെ വാദം. പരാതിയെ തുടർന്ന്, ആരോപണങ്ങളിൽ കഴമ്പുണ്ടോയെന്നും ജീവനക്കാർക്കെതിരേ വകുപ്പുതല അച്ചടക്ക നടപടി ആവശ്യമുണ്ടോയെന്നും പരിശോധിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് നിർദേശിച്ചു. ഇതിനെ തുടർന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ സംഘം ഡിഇ ഓഫീസിലെത്തി പ്രാഥമിക പരിശോധന നടത്തി.
സംഭവത്തിൽ നടപടി സ്വീകരിക്കുന്നതിനു പകരം പോസ്റ്റിട്ട രണ്ട് ജീവനക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ഓഫീസ് ഉദ്യോഗസ്ഥ സ്വീകരിച്ചതെന്ന് ഡിസിസി സെക്രട്ടറിയുടെ പരാതിയിലുണ്ട്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരേ പോസ്റ്റിട്ട ജീവനക്കാർക്കെതിരേ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് അനുകൂല സർവീസ് സംഘടനയായ എൻജിഒ അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്.
സർക്കാരിനെതിരേ പോസ്റ്റിടുകയും മുഖ്യമന്ത്രിയെ പരിഹസിക്കുകയും ചെയ്ത ജീവനക്കാർക്കെതിരേ, മുൻ സർക്കാരിന്റേതിന് സമാനമായ നടപടി വേണമെന്നാണ് കോൺഗ്രസ് അനുകൂല സർവീസ് സംഘടന ആവശ്യപ്പെടുന്നത്. ഈ പരാതിയിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് നിർദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക പരിശോധന നടത്തുകയായിരുന്നു. ഈ റിപ്പോർട്ടിന് ശേഷം തുടർ നടപടികൾ ഉണ്ടാകും.
