തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാനഘട്ടത്തില്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കായി വോട്ടഭ്യര്‍ത്ഥിച്ച് പ്രിയങ്ക ഇന്ന് പര്യടനത്തിനെത്തും . മണ്ഡലത്തിലുടനീളം 5 പരിപാടികളിലാണ് പ്രിയങ്ക പങ്കെടുക്കുക..

രാഹുല്‍ ഗാന്ധിയുടെ സ്വന്തം മണ്ഡലമായ വയനാട്ടില്‍ പ്രചരണത്തിനെത്തുന്ന എ. ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക വയനാട് ജില്ലയിലെ മൂന്നിടങ്ങളിലുള്‍പ്പെടെ മണ്ഡലത്തില്‍ 5 പരിപാടികളില്‍ പങ്കെടുക്കും. കാലത്ത് 10 30 ന് വള്ളിയൂര്‍കാവ് മൈതാനിയില്‍ ഹെലികോപ്റ്ററിലെത്തുന്ന പ്രിയങ്ക മാനന്തവാടിയില്‍ പൊതു സമ്മേളനത്തെ അഭിമുഖീകരിക്കും. തുടര്‍ന്ന് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം തന്നെ പുല്‍പ്പള്ളിയിലേക്ക് തിരിക്കും. പഴശ്ലി രാജ കേളെജ് ഗ്രൌണ്ടില്‍ ഇറങ്ങി, 11.45 ന് പുല്‍പ്പള്ളിയിലെ സീതാ ദേവീ ക്ഷേത്ര മൈതാനത്ത് കര്‍ഷക സംഗമത്തില്‍ സംബന്ധിക്കും.ശേഷം ഹെലികോപ്റ്ററില്‍ മുട്ടില്‍ യതീംഖാന മൈതാനത്തിറങ്ങി റോഡ് മാര്‍ഗ്ഗമാണ് തൃക്കൈപ്പറ്റയിലേക്ക് പോവുക. 1.20 ഓടെ മുക്കം കുന്നിലെ വാഴക്കണ്ടി കോളനിയിലെത്തി. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍ വസന്ത കുമാറിന്റെ വീട് സന്ദര്‍ശിക്കും. തുടര്‍ന്ന് വയനാട് മണ്ഡലത്തിന്റെ ഭാഗമായ നിലമ്പൂരിലും ഏറനാടും രണ്ട് പൊതു സമ്മേളനങ്ങളില്‍ കൂടി പ്രിയങ്ക പങ്കെടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *