കല്ലട ബസില്‍ യാത്രചെയ്ത തമിഴ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. ബസ് ജീവനക്കാരനെ മലപ്പുറം തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു. ബസ് പൊലീസ് പിടിച്ചെടുത്തു. അതേസമയം ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ ഗതാഗതമന്ത്രി നിര്‍ദ്ദേശം നല്‍കി.

കല്ലട ബസില്‍ യാത്ര ചെയ്യുകയായിരുന്ന തമിഴ് യുവതിയെ ബസിന്റെ രണ്ടാം ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി. കോട്ടയം സ്വദേശി ജോണ്‍സണ്‍ ജോസഫ് എന്നയാളാണ് ബസിന്റെ രണ്ടാം ഡ്രൈവര്‍. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. മലപ്പുറം തേഞ്ഞിപ്പലത്ത് വച്ചാണ് ബസിനൊപ്പം ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

കണ്ണൂരില്‍ നിന്നും കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്ന സ്ലീപ്പര്‍ ബസില്‍ വച്ചാണ് സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് യാത്രക്കാര്‍ ബഹളം വയ്ക്കുകയായിരുന്നു. ബസ് കോഴിക്കോട് വിട്ടപ്പോള്‍ മുതല്‍ തന്നെ പ്രശ്‌നങ്ങള്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് രാമനാട്ടുകര എത്തിയപ്പോള്‍ യാത്ര തുടരാന്‍ കഴിയില്ലെന്നും ബസ് പൊലീസ് സ്റ്റേഷനിലേക്ക് വിടണമെന്നും പറഞ്ഞ് യാത്രക്കാര്‍ ബഹളം വച്ചു.

തുടര്‍ന്നാണ് ബസ് അടുത്തുള്ള തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചത്.എറെ നാളുകളായി യാത്രക്കാരോട് അങ്ങേയറ്റം തുടര്‍ച്ചയായി മോശമായി കല്ലട ബസ് ജീവനക്കാര്‍ പെരുമാറുന്നുവെന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *