തിരുവനന്തപുരം: ചലചിത്ര സീരിയല്‍ നടന്‍ രവി വള്ളത്തോള്‍ അന്തരിച്ചു. 67 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
പ്രശസ്ത കവി വള്ളത്തോള്‍ നാരായണ മേനോന്ടെ അനന്തരവനാണ്. ഗീതാലക്ഷ്മിയാണ് ഭാര്യ. 46 സിനിമകളിലും നൂറിലേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
1987 ല്‍ പുറത്തിറങ്ങിയ സ്വാതി തിരുനാള്‍ ആയിരുന്നു രവി വള്ളത്തോളിന്റെ ആദ്യ സിനിമ. തുടര്‍ന്ന് മതിലുകള്‍,കോട്ടയം കഞ്ഞച്ചന്‍,ഗോഡ്ഫാദര്‍,വിഷ്ണുലോകം,സര്‍ഗം,കമ്മീഷണര്‍, നീ വരുവോളം തുടങ്ങി അന്‍പതോളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു.
1976-ല്‍ മധുരം തിരുമധുരം എന്ന ചിത്രത്തിന് വേണ്ടി ‘താഴ്വരയില്‍ മഞ്ഞുപെയ്തു’ എന്ന ഗാനം എഴുതിക്കൊണ്ടാണ് രവി വള്ളത്തോള്‍ സിനിമയിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. 1986-ല്‍ ഇറങ്ങിയ രേവതിക്കൊരു പാവക്കുട്ടി എന്ന സിനിമയുടെ കഥ രവി വള്ളത്തോളിന്റേതായിരുന്നു. 1986-ല്‍ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത ‘വൈതരണി’ എന്ന സീരിയലിലൂടെയാണ് അദ്ദേഹം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാകുന്നത്.
എഴുത്തുകാരന്‍ കൂടിയായ രവി വള്ളത്തോള്‍ ഇരുപത്തി അഞ്ചോളം ചെറുകഥകളും എഴുതിയിട്ടുണ്ട്.
2020-04-25
