മാഹിയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 ; രോഗം സ്ഥിരീകരിച്ചത് 42 ദിവസത്തിന് ശേഷം

മാഹി : മാഹിയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മാഹി ചെറുകല്ലായി സ്വദേശിയായ 61കാരനാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ ഇയാള്‍ 42 ദിവസങ്ങള്‍ക്ക് ശേഷമാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. മാര്‍ച്ച്‌ 19 നാണ് ദുബായില്‍ നിന്ന് നാട്ടിലെത്തിയ ഇയാള്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്നു.
മാര്‍ച്ച്‌ 19 ന് കരിപ്പൂരില്‍ എയര്‍ഇന്ത്യ വിമാനത്തില്‍ വന്നിറങ്ങിയ ഇയാള്‍ ടാക്സിയില്‍ മയ്യഴിയിലെ ചെറുകല്ലായില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചതോടെ ഇയാളെ മാഹി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. രോഗലക്ഷണങ്ങളില്ലാതിരുന്ന ഇയാളുടെ സ്രവ പരിശോധന കഴിഞ്ഞ ചൊവ്വാഴ്ചയാണ് നടത്തിയത്.
കൊവിഡ് ബാധിച്ച്‌ ഏപ്രില്‍ പതിനൊന്നിന് മരിച്ച മഹ്റൂഫ് എന്നയാളുടെ അയല്‍ക്കാരനാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ മരിച്ചയാളുമായി ഇയാള്‍ക്ക് സമ്പര്‍ക്കം ഒന്നുമില്ലായിരുന്നു എന്നാണ് അറിയുന്നത്. മെഹറൂഫ് മരിച്ചതിന് പിന്നാലെ ചെറുകല്ലായി പ്രദേശം പൂര്‍ണമായി അടച്ചിരുന്നു. അതേസമയം, ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ട് പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *