കൊച്ചി: കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാതെയുള്ള സമരങ്ങളും പ്രതിഷേധങ്ങളും പാടില്ലെന്ന് ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്. കോവിഡ് കാലത്ത് പ്രതിഷേധ സമരങ്ങള്‍ക്കും മറ്റും വിലക്കേര്‍പ്പെടുത്തണമെന്ന ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്. മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നുമുള്ള സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കാതെയുള്ള സമരങ്ങള്‍ അനുവദിക്കരുതെന്ന് ഹൈകോടതി സര്‍ക്കാറിനോട് നിര്‍ദേശിച്ചു. ഇക്കാര്യങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പാലിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്നും ഹൈകോടതി ഉത്തരവിട്ടു. മറ്റ് പൗരന്‍മാരുടെ അവകാശം ഹനിച്ചുകൊണ്ട് സ്വന്തം അവകാശം സംരക്ഷിക്കാന്‍ പൗരന്‍മാര്‍ക്ക് കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. എല്ലാ പൗരൻമാരും സംഘടനകളും രാഷ്ട്രീയ പാർട്ടികളും നിർബന്ധമായി പാലിക്കാൻ വേണ്ടിയാണ് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ മാർഗ നിർദേശങ്ങൾ പുറത്തിറക്കുന്നത്. ഇത് ലംഘിക്കുന്നത് ശിക്ഷാർഹമാണെന്നും ഹൈകോടതി ഉത്തരവിൽപറയുന്നു.
2020-07-14

