മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പോലീസ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

തിരുവമ്പാടി : മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പോലീസ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. തിരുവമ്പാടി സ്റ്റേഷൻ ഓഫീസറുടെ ചുമതലയുള്ള ഇൻസ്പെക്ടർ ഷാജു ജോസഫിനെയാണ് അന്വേഷണവിധേയമായി നോർത്ത് സോൺ ഐ.ജി. അശോക് യാദവ് സസ്പെൻഡ് ചെയ്തത്. വെള്ളിയാഴ്ച വയനാട് കേണിച്ചിറയിലായിരുന്നു അപകടം. ഷാജു ജോസഫ് ഓടിച്ച കാർ ദമ്പതിമാർ സഞ്ചരിച്ച ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പിന്നിലിരുന്ന യുവതിക്ക് പരിക്കേറ്റു. സംഭവത്തിന് ശേഷം ഓട്ടോറിക്ഷയിൽ കയറിപ്പോകാൻ ശ്രമിച്ച ഇൻസ്പെക്ടറെ നാട്ടുകാർ തടഞ്ഞുവെച്ചിരുന്നു. പിന്നീട് കേണിച്ചിറ പോലീസ് സ്ഥലത്തെത്തിയാണ് ഷാജു ജോസഫിനെ കൊണ്ടുപോയത്. വൈദ്യപരിശോധനയിൽ മദ്യപിച്ചതായി തെളിഞ്ഞതോടെ ഇൻസ്പെക്ടർക്കെതിരേ കേസെടുത്തു. സംഭവത്തെക്കുറിച്ച് പ്രാഥമികാന്വേഷണം നടത്തി സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. ഐ.ജി.ക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. തുടരന്വേഷണങ്ങൾക്ക് റൂറൽ എ.എസ്.പി.എം. പ്രദീപ്കുമാറിനെ ചുമതലപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *