കൊല്ലം: കൊല്ലം വെട്ടിക്കവലയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എയുടെ പി എ പ്രദീപ് കുമാറിന്‍റെ നേതൃത്വത്തില്‍ അതിക്രമം. എംഎല്‍എക്കെതിരെ പ്രതിഷേധിച്ചതിനാണ് പ്രവര്‍ത്തകരെ നടുറോഡില്‍ പിഎയും സംഘവും മര്‍ദിച്ചത്. എംഎല്‍എയുടെയും പൊലീസിന്‍റെയും സാന്നിധ്യത്തിലായിരുന്നു മര്‍ദ്ദനം. എന്നാല്‍ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത കുന്നിക്കോട് പൊലീസ് പി എ ഉള്‍പ്പടെയുള്ള അക്രമികളെ പിടികൂടിയില്ല.

കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തെ കോക്കാട്ട് ക്ഷീരവികസന സമിതി ഓഫീസ് ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ പ്രതിഷേധിച്ചത്. നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായി ജാമ്യത്തില്‍ കഴിയവേയാണ് എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫംഗം പ്രദീപ് കുമാറിന്‍റെ നേതൃത്വത്തില്‍ അതിക്രമം നടന്നത്. എംഎല്‍എയുടെയും പൊലീസിന്റെയും കണ്‍മുന്നില്‍ പ്രവര്‍ത്തകരെ സംഘം മര്‍ദിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പൊലീസ് വെട്ടിലായി. തുടര്‍ന്നാണു കേസെടുത്തത്. എംഎല്‍എക്കെതിരെ കരിങ്കൊടി കാണിച്ചതാണ് പ്രശ്‌നത്തിനു കാരണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മര്‍ദനം നടത്തിയതെന്നും കേരള കോണ്‍ഗ്രസ്(ബി) പ്രവര്‍ത്തകര്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *