ചണ്ഡിഗഢ്: യുവ പഞ്ചാബി ഗായകന്‍ വെടിയേറ്റു മരിച്ചു. ചണ്ഡിഗഢിനു സമീപം ദേരാ ബാസ്സിയിലാണ് ഞായറാഴ്ച രാത്രി നവ്‌ജോത് സിംഗ് (22) കൊല്ലപ്പെട്ടത്. പഞ്ചാബി ഗാനരംഗത്ത് ചുവടുറപ്പിച്ചു വരുന്ന ഗായകനായിരുന്നു സിംഗ്. അടുത്ത കാലത്ത് രണ്ട് ഗാനങ്ങള്‍ ഇയാള്‍ പുറത്തിറക്കി ഹിറ്റാക്കിയിരുന്നു.

ബെഹ്‌റയിലുള്ള മാതാപിതാക്കളെ കാണാന്‍ പോകുന്ന വഴിക്കാണ് സിംഗിന് വെടിയേറ്റത്. ഒരു ഫാക്ടറിക്കു സമീപം ആളൊഴിഞ്ഞ പറമ്ബിലാണ് മൃതദേഹം കണ്ടെത്തിയത്. 50 മീറ്റര്‍ അകലെ സിംഗിന്റെ കാറും കിടന്നിരുന്നു.

മൊഹാലിക്കു സമീപം എക്കോ ടവറിലിലെ ഫഌറ്റിലാണ് സിംഗ് താമസിച്ചിരുന്നത്. രാത്രി 11.15 ഓടെ അമ്മയെ വിളിച്ച് അഞ്ച് മിനിറ്റിനകം വീട്ടില്‍ എത്തുമെന്ന് അറിയിച്ചിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും മകനെ കാണാതായതോടെ ഇവര്‍ തിരിച്ചുവിളിച്ചുവെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് വീട്ടുകാര്‍ തിരക്കിയിറങ്ങി. ഫാക്ടറിക്ക് സമീപം കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയിലും പിന്നിലെ ഡോര്‍ തുറന്ന നിലയിലുമായിരുന്നു. കുറച്ചുമാറി അഞ്ചോളം വെടിയുണ്ടകള്‍ ഏറ്റനിലയില്‍ സിംഗിന്റെ മൃതദേഹവും കിടപ്പുണ്ടായിരുന്നു.

പോലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടിക്കായി മാറ്റിയെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *