കോട്ടയം: ഭാര്യവീട്ടുകാരുടെ പകയില്‍ ജീവന്‍ നഷ്ടമായ യുവാവ് കെവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നട്ടാശേരി എസ്.എച്ച് മൗണ്ട് ചവിട്ടുവരി പ്‌ളാത്തറ വീട്ടില്‍ എത്തിച്ചപ്പോള്‍ അവിടെ കണ്ട കാഴ്ച ഏവരുടേയും ഹൃദയം തകര്‍ക്കുന്നതായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം രാവിലെ 10.30ഓടെയാണ് കെവിന്റെ മൃതദേഹം വീട്ടിലെത്തിച്ചത്. മൃതദേഹം കൊണ്ടുവരുന്നതറിഞ്ഞ് വന്‍ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമടക്കം വന്‍ജനാവലി കാത്തുനില്‍പുണ്ടായിരുന്നു.

മൃതദേഹവുമായി ആംബുലന്‍സ് എത്തിയതും വീട്ടില്‍ നിന്ന് കൂട്ടനിലവിളി ഉയര്‍ന്നു. കെവിന്റെ മരണവാര്‍ത്തയറിഞ്ഞ് തളര്‍ന്നു വീണതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിലായിരുന്ന ഭാര്യ നീനുവിനെ ഇന്നലെത്തന്നെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ആംബുലന്‍സില്‍ നിന്നിറക്കിയ കെവിന്റെ മൃതദേഹം വീടിന്റെ വരാന്തയില്‍ വച്ചതോടെ വീട്ടിലെ കരച്ചില്‍ ഉച്ചസ്ഥായിയിലായി. നെഞ്ച് പൊട്ടി നിലവിളിച്ചു കൊണ്ട് നീനുവും കെവിന്റെ സഹോദരിയും അമ്മയും മൃതദേഹത്തിലേക്ക് വീണു. നീനുവിനെ ആശ്വസിപ്പിക്കാനും സമാധാനിപ്പിക്കാനും കെവിന്റെ അച്ഛന്‍ ശ്രമിച്ചെങ്കിലും അതൊന്നും ഫലവത്തായില്ല. മൃതദേഹത്തില്‍ നിന്ന് പിടിവിടാതെ വാവിട്ട് കരയുന്ന നീനു നാട്ടുകാര്‍ക്ക് മുന്നില്‍ നൊമ്പരക്കാഴ്ചയായി.

Leave a Reply

Your email address will not be published. Required fields are marked *