ദിലീപിനെതിരായ വധ ഗൂഢാലോചന കേസ്: സായ് ശങ്കറിന്റെ ഭാര്യയെ ചോദ്യംചെയ്യുന്നു

കോഴിക്കോട്: നടന്‍ ദിലീപ് അടക്കമുള്ളവര്‍ പ്രതികളായ വധ ഗൂഢാലോചന കേസില്‍ ഐ.ടി. വിദഗ്ധന്‍ സായ് ശങ്കറിന്റെ ഭാര്യയെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യുന്നു. സായ് ശങ്കറിന്റെ കോഴിക്കോട്ടെ ഫ്‌ളാറ്റില്‍വെച്ചാണ് ഭാര്യ ഇസയെ ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്യുന്നത്. അതേസമയം, സായ് ശങ്കര്‍ ഒളിവിലാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചത് സായ് ശങ്കറിന്റെ സഹായത്തോടെയാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇതേത്തുടര്‍ന്ന് സായ് ശങ്കറില്‍നിന്ന് നേരത്തെ വിവരങ്ങള്‍ തേടിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഇയാളുടെ ഫ്‌ളാറ്റില്‍ പരിശോധന നടത്തുകയും ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും പിടിച്ചെടുക്കുകയും ചെയ്തു. ഭാര്യ ഇസയുടെ യൂസര്‍ ഐ.ഡി. ഉപയോഗിച്ചാണ് സായ് ശങ്കര്‍ ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇതേത്തുടര്‍ന്നാണ് ഇസയെ വിശദമായി ചോദ്യംചെയ്യുന്നത്.

അതേസമയം, കേസില്‍ അഭിഭാഷകന്‍ ബി.രാമന്‍പിള്ളയ്‌ക്കെതിരേ മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് നിര്‍ബന്ധിക്കുന്നതായി സായ് ശങ്കര്‍ നേരത്തെ ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഐ.ടി. വിദഗ്ധനായ സായ് ശങ്കര്‍, 2015-ലെ തൃപ്പുണിത്തുറ ഹണിട്രാപ്പ് കേസിലെ പ്രതി കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *