കൊല്ലം: കുന്നിക്കോട് അര്‍ബുദരോഗ ബാധിതയായ 90കാരിയെ ശ്വാസംമുട്ടിച്ചും തലയ്ക്കടിച്ചും കൊലപ്പെടുത്തിയ ചെറുമകന്‍ പിടിയില്‍. വെട്ടിക്കവല സ്വദേശി പൊന്നമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊന്നമ്മയുടെ മകളുടെ മകന്‍ സുരേഷ് കുമാറിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച വൈകീട്ട് നാലിനാണ് പൊന്നമ്മ കൊല്ലപ്പെട്ടത്. സ്വാഭാവിക മരണമാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടത്തിയ ഇയാളെ മരണാനന്തര ചടങ്ങുകള്‍ക്കിടെ തോന്നിയ സംശയമാണ് കുടുക്കിയത്. പൊന്നമ്മയും മകള്‍ സുമംഗലയും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്.

പോലീസ് പറയുന്നത്: മദ്യലഹരിയില്‍ സുരേഷ് വീട്ടിലെത്തുന്നത് പൊന്നമ്മ എതിര്‍ത്തിരുന്നു. സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായ സുരേഷ് വെള്ളിയാഴ്ച വൈകിട്ടാണ് വീട്ടിലെത്തിയത്. തുടര്‍ന്ന് മുത്തശ്ശിയുമായി വഴക്കിടുകയും കട്ടിലില്‍ തലയിടിപ്പിച്ചും കഴുത്തുമുറുക്കി ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തി. ആടിന് തീറ്റകൊടുക്കാന്‍ പുറത്തുപോയിരുന്ന സുമംഗല തിരിച്ചെത്തിയപ്പോഴാണ് വായിലും ദേഹത്തും ചോരയൊലിപ്പിച്ചു കിടക്കുന്ന നിലയില്‍ അമ്മയുടെ മൃതദേഹം കണ്ടത്. കാന്‍സര്‍ രോഗിയായതിനാല്‍ ചോര ഛര്‍ദ്ദിച്ച് മരിച്ചതാണെന്ന് കരുതി.

സുരേഷിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ പത്തരയ്ക്ക് സംസ്‌കാരം നടത്താനും തീരുമാനിച്ചു. എന്നാല്‍ തലയിലെ മുറിവ് ശ്രദ്ധയില്‍പ്പെട്ട ബന്ധുക്കളില്‍ ചിലര്‍ ​വിവരം പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്.

Leave a Reply

Your email address will not be published. Required fields are marked *