പാലക്കാട്∙ 15 വയസ്സുകാരി പ്രസവിച്ച സംഭവത്തിൽ Yuva Morcha പ്രവർത്തകൻ അറസ്റ്റിൽ. പാലക്കാട് മലമ്പുഴ ആനിക്കോട് സ്വദേശിയും യുവമോർച്ച പിരായിരി മണ്ഡലം ഭാരവാഹിയുമായ രഞ്ജിത്ത് ആണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നൽകി ചൂഷണം ചെയ്യുകയായിരുന്നെന്ന് മലമ്പുഴ പൊലീസ് അറിയിച്ചു.
വയറുവേദനയെ തുടർന്നാണ് പെൺകുട്ടിയെ പാലക്കാട് വനിതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടുത്ത ദിവസം പെൺകുട്ടി പ്രസവിച്ചു. ആശുപത്രി അധികൃതരുടെയും രക്ഷിതാക്കളുടെയും പരാതിയിൽ മലമ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു. രഞ്ജിത്താണ് ചൂഷണത്തിന് പിന്നിലെന്ന് കണ്ടെത്തി. പെൺകുട്ടിയുമായി സൗഹൃദത്തിലായ രഞ്ജിത്ത് വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ചൂഷണം ചെയ്യുകയായിരുന്നു.
യുവമോർച്ചയുടെ സജീവ പ്രവർത്തകനാണ് രഞ്ജിത്ത് എന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. രഞ്ജിത്ത് യുവമോർച്ചയുടെ സജീവ പ്രവർത്തകനല്ലെന്നും പോക്സോ കേസ് അറസ്റ്റിന്റെ അടിസ്ഥാനത്തിൽ സംഘടനയിൽനിന്ന് പുറത്താക്കിയതായും യുവമോർച്ച ജില്ലാനേതൃത്വം അറിയിച്ചു.

