മുംബൈ : കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ബാലാവകാശ കമ്മീഷന്റെ നോട്ടീസ്. മഹാരാഷ്ട്രയില്‍ മൂന്ന് ദലിത് കുട്ടികളെ നഗ്‌നരാക്കി മര്‍ദിക്കുന്നതിന്റെ വീഡിയോ രാഹുല്‍ തന്റെ ഔദ്യോഗിക ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ഇതിനെതിരെയാണ് നടപടി.

സംഭവത്തിന്റെ വീഡിയോ പുറത്തു വിട്ട് കുട്ടികളുടെ അവകാശങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ച് മുംബൈ സ്വദേശി നല്‍കിയ പരാതിയിലാണ് മഹാരാഷ്ട്ര ബാലാവകാശ കമ്മീഷന്‍ രാഹുലിന് നോട്ടീസ് അയച്ചത്. പോക്‌സോ നിയമത്തിന്റെയും കുട്ടികളെ സംരക്ഷിക്കുന്നതിനായുള്ള ജുവനൈല്‍ ജസ്റ്റിസ് നിയമത്തിന്റെയും ലംഘനമാണ് രാഹുല്‍ നടത്തിയതെന്ന് നോട്ടീസില്‍ ആരോപണമുണ്ട്.

അതേസമയം വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ നേരത്തെ തന്നെ പ്രചരിച്ചതാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മാത്രമല്ല ഇത് ട്വീറ്റ് ചെയ്തതെന്നും കോണ്‍ഗ്രസ് വക്താവ് സചിന്‍ സാവന്ത് പറഞ്ഞു. ഈ നോട്ടീസ് പ്രധാന പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *