കൊല്ലത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: ബലാത്സംഗശ്രമത്തിനിടെ കൊല്ലപ്പെട്ടതെന്ന് പൊലീസ്

കൊല്ലം: ആളൊഴിഞ്ഞ റെയിൽവേ ക്വാർട്ടേഴ്സിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. ബലാത്സംഗ ശ്രമത്തിനിടെയാണ് യുവതി കൊല്ലപ്പെട്ടതെന്നാണ് പൊലീസ് നിഗമനം. പ്രതി നാസു യുവതിയുടെ പണവും മൊബൈൽ ഫോണും കവർന്നിരുന്നു. കൊല്ലം ബീച്ചിൽ നിന്നും യുവതിയെ പ്രതി തന്ത്രപരമായി ക്വാർട്ടേഴ്സിലേക്ക് എത്തിക്കുകയായിരുന്നുവെന്നാണ് ​പൊലീസ് പറയുന്നത്.

ചെമ്മാമുക്കിൽ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിൽ നിന്നാണ് യുവതിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. കേരളാപുരം സ്വദേശിയാണ് മരിച്ചത്. അഞ്ച് ദിവസം മുമ്പ് യുവതിയെ കാണാതായിരുന്നു. രാവിലെ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിൽ നിന്നും ദുര്‍ഗന്ധം വന്നതോടെ പ്രദേശവാസികൾ നടത്തിയ തെരച്ചിലിലാണ് മുപ്പത്തിരണ്ടുകാരിയായ കേരളാപുരം സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയത്ത്. കഴുത്തിലും ചെവിക്ക് പിന്നിലും മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം.

വ്യാഴാഴ്ച മുതൽ തന്നെ യുവതിയെ കാണാതായിരുന്നു. ഇതുസംബന്ധിച്ച് കുടുംബം പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പിന്നീട് പ്രതിയിൽ നിന്നും യുവതിയുടെ മൊബൈൽ ഫോൺ കണ്ടെടുത്തിരുന്നു. എന്നാൽ, ഫോൺ കളഞ്ഞുകിട്ടയതാണെന്നാണ് പ്രതി പൊലീസിന് മൊഴി നൽകിയത്. ഈ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *