മുക്കം: മണാശേരിയില്‍ കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ച് 40 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ മണാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. മുക്കം കോഴിക്കോട് റോഡില്‍ മണാശേരി സര്‍വീസ് സ്റ്റേഷനു സമീപം ഇന്നലെ രാവിലെ എട്ടിനായിരുന്നു അപകടം. തിരുവമ്പാടിയില്‍ നിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മുന്നില്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ വെട്ടിച്ചെടുക്കുന്നതിനിടെ മരത്തിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം തകര്‍ന്നു.
ഭൂരിഭാഗം യാത്രക്കാര്‍ക്കും ചുണ്ടിലും നെറ്റിയിലും കാല്‍മുട്ടിലുമാണ് പരിക്കേറ്റത്. പരിക്കേറ്റവരിലേറെയും വിദ്യാര്‍ഥികളും സര്‍ക്കാര്‍ ജീവനക്കാരുമാണ്. ബസ് ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സൂപ്പര്‍ഫാസ്റ്റ് ബസ് ആയതിനാല്‍ പെട്ടെന്ന് കോഴിക്കോടെത്തേണ്ട മലയോരത്തെ യാത്രക്കാരെല്ലാം ഈ ബസിലാണ് പോവാറുള്ളത്. അപകടം നടക്കുമ്പോള്‍ അന്‍പതോളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു.
