യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച സംഭവം; മുൻ സിപിഎം നേതാവുൾപ്പെടെ 12 പേർക്കെതിരെ കേസ്

എറണാകുളം: കോർപ്പറേഷൻ ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച സംഭവത്തിൽ മുൻ സിപിഎം നേതാവുൾപ്പെടെയുള്ളവർക്കെതിരെ നടപടി. നേതാവുൾപ്പെടെ 12 പേർക്കെതിരെ പോലീസ് കേസ് എടുത്തു. സിപിഎം മുൻ പ്രാദേശിക നേതാവ് ചളിക്കവട്ടം സ്വദേശി സുബ്ബരാജിനും സംഘത്തിനും നേരെയാണ് പോലീസ് കേസ് എടുത്തത്.

ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ചാലിത്തറ ഹൗസിൽ അദീർഥിനെയാണ് സുബ്ബരാജും സംഘവും ചേർന്ന് തട്ടിക്കൊണ്ട് പോയി മർദ്ദിച്ചത്. സുഹൃത്തിന്റെ ഫോണിൽ നിന്നും യുവാവിനെ വീട്ടിൽ നിന്നും വിളിച്ച് ഇറക്കിയ ശേഷം തട്ടിക്കൊണ്ട് പോകുകയായിരുന്നു. തുടർന്ന് ഇവരുടെ ഇടിമുറിയിൽ എത്തിച്ച് ക്രൂരമായി മർദ്ദിച്ചു.  അക്രമി സംഘം ഇല്ലാത്ത തക്കം നോക്കി യുവാവ് ഇവിടെ നിന്നും രക്ഷപ്പെട്ട് ഓടി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ആശുപത്രി അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്.

സിപിഎം നേതാവിന്റെയും സംഘത്തിന്റെയും ആക്രമണത്തിൽ യുവാവിന് നെഞ്ചത്തും മുഖത്തുമെല്ലാം സാരമായി പരിക്കേറ്റിരുന്നു. തലയിൽ അടിച്ച് കൊലപ്പെടുത്താൻ പ്രതികൾ ശ്രമിച്ചെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെടുകയാണെന്നായിരുന്നു യുവാവിന്റെ മൊഴി.

2021 ൽ സമാനമായ രീതിയിൽ ചിലവന്നൂർ സ്വദേശിയായ ജോണി ആന്റണി എന്നയാളെ സുബ്ബരാജുവും സംഘവും ചേർന്ന് ഇടിമുറിയിൽ എത്തിച്ച് മർദ്ദിച്ചിരുന്നു. ഇതിന് പിന്നാലെ ഇയാളെ പാർട്ടിയിൽ നിന്നും പുറത്താക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *