സൗദി അറേബ്യയില്‍ വാഹനാപകടം; നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം. കുവൈത്തില്‍ നിന്ന് റിയാദിലേക്ക് ടൂറിസ്റ്റ് വിസയിലെത്തിയ നാലംഗ ഇന്ത്യന്‍ കുടുംബമാണ് അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ ഹൈദരാബാദ് സ്വദേശികളായ ഗൗസ് ദാന്തു (35), ഭാര്യ തബ്‌റാക് സര്‍വര്‍ (31), മക്കളായ മുഹമ്മദ് ദാമില്‍ ഗൗസ് (രണ്ട്), മുഹമ്മദ് ഈഹാന്‍ ഗൗസ് (നാല്) എന്നിവരാണ് മരിച്ചതായി തിരിച്ചറിഞ്ഞത്. അഞ്ചാമന്‍ ആരാണെന്ന് അറിവായിട്ടില്ല.

വെള്ളിയാഴ്ച പുലര്‍ച്ചെ ആറിന് റിയാദിനടുത്ത് തുമാമയില്‍ ഹഫ്‌ന – തുവൈഖ് റോഡില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ഫോര്‍ഡ് കാറും സൗദി പൗരന്‍ ഓടിച്ചന്ന ട്രെയിലറും കൂട്ടിയിടിച്ച് തീപിടിച്ചായിരുന്നു അപകടം ഉണ്ടായത്. ഫോര്‍ഡ് കാര്‍ പൂര്‍ണമായും കത്തിയിട്ടുണ്ട്. മൃതദേഹങ്ങളും രേഖകളും ചാരമായി. അഞ്ചു പേരാണ് മരിച്ചത്.

അതേസമയം, റിയാദ് ട്രാഫിക് പോലീസ് റിയാദിലെ മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂരിനെ അറിയിച്ചതാണ് ഈ വിവരം. ഗൗസ് ദാന്തുവിന് കുവൈത്ത് ഇഖാമയാണുള്ളത്. മറ്റു വിവരങ്ങള്‍ ലഭ്യമല്ല. കുവൈത്തില്‍ നിന്ന് സൗദിയിലേക്ക് ടൂറിസ്റ്റ് വിസയില്‍ വന്നതാണിവര്‍. മൃതദേഹങ്ങള്‍ റിയാദില്‍ നിന്ന് 100 കിലോമീറ്ററകലെ റുമാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

എന്നാല്‍ നാട്ടില്‍ നിന്നോ കുവൈത്തില്‍ നിന്നോ ആരും ബന്ധപ്പെട്ടിട്ടില്ല. കുടുംബത്തെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ റിയാദ് ഇന്ത്യന്‍ എംബസിയേയോ സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂരിനെയോ (+966508517210, 0503035549) ബന്ധപ്പെടണം.

ഇതിനിടയില്‍ വാര്‍ത്തകള്‍ കണ്ടിട്ട് അല്‍ഖര്‍ജില്‍നിന്ന് ഒരാള്‍ സിദ്ദീഖ് തുവ്വൂരിനെ വിളിച്ച് അവിടെയുള്ള ഒരു ആന്ധ്ര സ്വദേശിയുടെ അയല്‍വാസികളാണ് അപകടത്തില്‍പെട്ട കുടുംബം എന്ന് അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *