കോഴിക്കോട് തീപിടിച്ച കാറിനുള്ളിൽ മൃതദേഹം ; ആത്മഹത്യയെന്ന് സംശയം

തീപിടിച്ച കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. തിരുവമ്പാടി ചപ്പാത്ത് കടവിൽ വെള്ളിയാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. ഡ്രൈവിങ് സീറ്റിലിരുന്ന ആളുടെ മൃതദേഹമാണ് പൂർണമായും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പുന്നക്കൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മാരുതി ആൾട്ടോ കാറാണ് കത്തി നശിച്ചത്. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. ആത്മഹത്യയെന്നാണ് പൊലീസിന്റെ സംശയം.

വെള്ളിയാഴ്ച രാത്രി 12ന് ഇതുവഴി പോയ ബൈക്ക് യാത്രികനാണ് കാർ കത്തുന്നത് കണ്ടത്. ഇയാൾ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.

തീ അണച്ച്  നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ തിരുവമ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് ഫൊറൻസിക് സംഘം പരിശോധനകൾ നടത്തുകയാണ്.
—————-
(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056)

Leave a Reply

Your email address will not be published. Required fields are marked *