ഒന്നര വയസ്സുകാരി വീട്ടിലെ കിണറ്റില്‍ വീണ് മരിച്ചനിലയില്‍

തൃശൂര്‍: ഒന്നര വയസ്സുകാരിയെ വീട്ടിലെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. എരുമപ്പെട്ടി വെള്ളറക്കാട് ചിറമനേങ്ങാട് നെല്ലിക്കുന്ന് മുല്ലക്കല്‍ വീട്ടില്‍ സുരേഷ് ബാബു – ജിഷ ദമ്പതികളുടെ മകള്‍ അമേയയാണ് മരിച്ചത്.

ശനിയാഴ്ച രാത്രി 11.15നാണ് സംഭവം. വീട്ടിനകത്തും മുറ്റത്തും കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് തിരഞ്ഞുനോക്കിയപ്പോഴാണ് ആള്‍മറയുള്ള കിണറിന്റെ വല മാറിയത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോൾ കിണറ്റിലെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയിൽ കുട്ടിയെ കണ്ടു.

കുന്നംകുളം അഗ്നിരക്ഷാസേനയെത്തി 11:30-ന് കുട്ടിയെ പുറത്തെടുത്തു. എസ്.കെ.എസ്.എസ്.എഫ്. സഹചാരി ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്ക് മരിച്ചിരുന്നു. എരുമപ്പെട്ടി പോലീസ് തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മുളംകുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കിണറിന് ആള്‍മറയുണ്ടെങ്കിലും മുകളിലെ പറമ്പിലേക്ക് പോകുന്നതിന് ആള്‍മറയോട് ചേര്‍ന്ന് ചെറിയ പടവുകളുണ്ട്. ഈ വഴിയാകാം കുട്ടി പോയതെന്ന് കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *