മലപ്പുറം: ഹരിത കേരള മിഷനുമായി കൈകോര്‍ത്ത് പെരുന്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ‘അതുല്യം പ്ലാസ്റ്റിക് വിമുക്ത ബാല്യം’ പദ്ധതി ഇന്നു സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പദ്ധതിയിലൂടെ 2400 പ്രൈമറി വിദ്യാര്‍ഥികള്‍ക്കാണ് സ്റ്റീല്‍ തെര്‍മല്‍ ഫ്‌ളാക്‌സും ചോറ്റുപാത്രവും വിതരണം ചെയ്യുന്നത്. ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ വെളിയങ്കോട്, പെരുന്പടപ്പ്, നന്നംമുക്ക്, ആലങ്കോട്, മാറഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രൈമറി വിദ്യാര്‍ഥികള്‍ക്കാണ് 13 ലക്ഷം ചെലവഴിച്ച് സൗജന്യമായി സ്റ്റീല്‍ തെര്‍മല്‍ ഫ്‌ളാക്‌സും ചോറ്റുപാത്രവും നല്‍കുന്നത്.

കൂടാതെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അഞ്ച് മുതല്‍ ഏഴ് വരെ പഠിക്കുന്ന വെളിയങ്കോട്, പെരുന്പടപ്പ് ഗ്രാമപ്പഞ്ചായത്തുകളിലെ ഫിഷറീസ് വകുപ്പ് അംഗീകരിച്ച മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കു സൗജന്യമായി സൈക്കിള്‍ വിതരണം ചെയ്യും. എട്ടു ലക്ഷം രൂപ ചെലവഴിച്ച് ഇപ്രകാരം 180 വിദ്യാര്‍ഥികള്‍ക്കാണ് സൈക്കിള്‍ നല്‍കുന്നത്. അതോടൊപ്പം വെളിയങ്കോട് ജിഎഫ്എല്‍പി സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് നടപ്പാക്കുന്ന അഞ്ചു ലക്ഷം രൂപയുടെ പദ്ധതിയും ഉദ്ഘാടനം ചെയ്യും.രാവിലെ പത്തിനു വെളിയങ്കോട് ഗവണ്മെന്റ് ഫിഷറീസ് എല്‍പി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ പെരുന്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം ആറ്റുണ്ണി തങ്ങള്‍ അധ്യക്ഷനായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *