ശ്രീജിത്തിന്റെ വീടിനുമുന്നിൽ സമരം തുടങ്ങി പ്രമോദ് കോട്ടൂളി

കോഴിക്കോട്∙ പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്തു കോഴ വാങ്ങിയെന്ന വിവാദത്തിൽ കുടുങ്ങിയ മുൻ ഏരിയ കമ്മിറ്റി നേതാവ് പ്രമോദ് കോട്ടൂളി പരാതിക്കാരനായ ശ്രീജിത്തിന്റെ വീടിനുമുന്നിൽ സമരം തുടങ്ങി. ഇതോടെ ശ്രീജിത്തിന്റെ വീടിന് പൊലീസ് സുരക്ഷയേർപ്പെടുത്തി. അമ്മയ്ക്കും മക്കൾക്കുമൊപ്പമാണ് പ്രമോദ് സമരമിരിക്കുന്നത്. അഭിഭാഷകരുമായി സംസാരിച്ച് നാളെയും മറ്റന്നാളുമായി പൊലീസിനും അന്വേഷണ ഏജൻസികൾക്കും പരാതി നൽകുമെന്നും പ്രമോദ് പറഞ്ഞു.

താനും തന്റെ കുടുംബവും സ്നേഹിതരും മാത്രമാണ് ഇപ്പോൾ ഉത്തരം പറയേണ്ടതായി വന്നത്. ഇക്കാര്യം തന്റെ അമ്മയെ മാത്രമാണു ബോധ്യപ്പെടുത്തേണ്ടത്. ഞാൻ 22 ലക്ഷം രൂപ കോഴ വാങ്ങിയിട്ടുണ്ടെങ്കിൽ തെളിവുതരണം. ഗൂഢാലോചന നടത്തിയത് ആരാണ്. 22 ലക്ഷം രൂപ ആരെങ്കിലും വാങ്ങിയിട്ടുണ്ടെങ്കിൽ അതാരാണ്? ആരു കൊടുത്തു? എപ്പോൾ വാങ്ങി തുടങ്ങിയ കാര്യങ്ങൾ എന്റെ അമ്മയെ ബോധ്യപ്പെടുത്തണം.‌ അതിനായാണു പരാതിക്കാരന്റെ വീടിനുമുന്നിൽ സമരം ചെയ്യുന്നതെന്നും പ്രമോദ് പറഞ്ഞു. വീട്ടിൽ ശ്രീജിത്ത് ഇല്ലെന്നാണ് വിവരം.

അതേസമയം, പ്രമോദ് കോട്ടൂളിയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് സിപിഎം കോഴിക്കോട് ജില്ലാക്കമ്മിറ്റി വാർത്താക്കുറിപ്പിറക്കി. പാർട്ടി ഭരണഘടനയ്ക്ക് നിരക്കാത്ത അച്ചടക്ക ലംഘനം പ്രമോദ് കോട്ടൂളിയുടെ ഭാഗത്തുനിന്നുണ്ടായെന്നും അത് പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നുമാണു വാർത്താക്കുറിപ്പിൽ പറയുന്നത്. എന്നാൽ ഏതുതരത്തിലുള്ള അച്ചടക്കലംഘനമെന്നു സിപിഎം വിശദീകരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *