കൃഷ്ണകുമാറിനും മകൾക്കുമെതിരായ കേസ്: പരാതികൾ എസ്എച്ച്ഒയുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടത്തും

തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിനെതിരായ കേസിൽ കൃഷ്ണകുമാറിന്റെയും സ്ഥാപനത്തിലെ ജീവനക്കാരുടെയും പരാതികൾ എസ്എച്ച്ഒയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും. അറസ്റ്റ് അടക്കമുള്ള നടപടികള്‍ വിശദമായ അന്വേഷണത്തിന് ശേഷമായിരിക്കും. ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിലവില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

സ്ഥാപനത്തിലെ കണക്കുകളിൽ ആദ്യം ഓഡിറ്റിംഗ് നടത്തും. 69 ലക്ഷം രൂപ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്നും തട്ടിയെടുത്തു എന്ന പരാതിയില്‍ ജീവനക്കാരുടെ യുപിഐ ഇടപാടുകള്‍ പരിശോധിക്കും.

മകള്‍ ദിയ കൃഷ്ണയുടെ കവടിയാറിലെ OH BY OZY എന്ന സ്ഥാപനത്തില്‍ ക്യൂ ആര്‍ കോഡ് മാറ്റി 2024 ജൂലൈ മുതല്‍ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. കൃഷ്ണകുമാര്‍ മ്യൂസിയം പൊലീസില്‍ നല്‍കിയ പരാതിയില്‍ ജീവനക്കാരികളായ വിനീത, ദിവ്യ, രാധാകുമാരി എന്നിവരെയും ദിയ കൃഷ്ണയെ ഭീഷണിപ്പെടുത്തിയതിന് വിനീതയുടെ ഭര്‍ത്താവ് ആദര്‍ശിനെയും പ്രതികളാക്കി കേസെടുത്തു. മൂന്ന് വനിതാ ജീവനക്കാരുടെ പരാതിയിലാണ് കൃഷ്ണകുമാറിനും മകള്‍ക്കും എതിരായ കേസ്. വിഷയം സംസാരിച്ച് പരിഹരിക്കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ ശേഷം തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തി പണം കവര്‍ന്നെന്ന ജീവനക്കാരുടെ പരാതിയിന്മേലാണ് കേസ്. എന്നാല്‍ പരാതി വ്യാജമാണെന്നും കേസിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *