വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റില്‍; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

മലപ്പുറം: നിലമ്പൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി അനന്തു പന്നിക്കെണിയില്‍ നിന്നു ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. വഴിക്കടവ് വെള്ളക്കെട്ട സ്വദേശി വിനീഷ് ആണ് അറസ്റ്റിലായത്.

കാട്ടുപന്നിയുടെ ഇറച്ചിക്ക് വേണ്ടിയാണ് ഇയാള്‍ കെണി വെച്ചത്. വിനീഷ് നേരത്തെയും സമാനമായ രീതിയില്‍ കെണി വെച്ച് പന്നിയെ പിടികൂടിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ഡിവൈഎസ്പി കെ അലവിക്കാണ് അന്വേഷണ ചുമതല. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊലീസിന് കൂടുതല്‍ ഉത്തരവാദമുള്ളതിനാലാണ് ജില്ലാ ക്രൈംബ്രാഞ്ചിന് അന്വേഷണ ചുമതല കൈമാറുന്നതെന്ന് പൊലീസ് അറിയിച്ചു. പ്രതിയുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ അടക്കം വിശദമായി പരിശോധിക്കും. മറ്റാര്‍ക്കെങ്കിലും സംഭവത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

മരിച്ച അനന്തുവിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. തോട്ടില്‍ മീന്‍പിടിക്കാന്‍ പോയപ്പോഴാണ് അനന്തുവിനും സുഹൃത്തുക്കള്‍ക്കും ഷോക്കേറ്റത്. ഷോക്കേറ്റ് പരിക്കേറ്റ സുഹൃത്തുക്കളുടെ നില ഗുരുതരമല്ലെന്നാണ് വിവരം. അനന്തുവിന്റെ വയറില്‍ നേരിട്ട് ഷോക്കേറ്റതാണ് മരണത്തിന് കാരണമായതെന്നാണ് സൂചന. വയറില്‍ ഷോക്കേറ്റ് പൊള്ളലേറ്റതിന്റെ പാടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *