അത്താഴ വിരുന്നിലെ വെടിവെപ്പിനെ കുറിച്ച് ആദ്യ പ്രതികരണവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. സംഭവത്തെ ‘അപ്രതീക്ഷിതം’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, അക്രമിയെ അതിവേഗം കീഴ്‌പ്പെടുത്തിയ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥരെ പ്രശംസിച്ചു. സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് പ്രതികരിച്ചത്.
അക്രമിയുടെ ഫോട്ടോ ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പങ്കുവച്ചു. അക്രമി പിടിയിലായെന്നും അയാൾ താമസിക്കുന്ന കാലിഫോർണിയയിലെ അപ്പാർട്ട്മെൻ്റ് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് സുരക്ഷാ ഉദ്യോഗസഥരും അറിയിച്ചു.
അക്രമിയുടെ ലക്ഷ്യം ഞാനായിരുന്നു. സമൂഹത്തിൽ വലിയ ഇംപാക്ട് ഉണ്ടാക്കുന്നവരാണ് കൂടുതൽ വേട്ടയാടപ്പെടുക. ഇതുപോലുള്ള എന്തെങ്കിലും സംഭവിക്കുമ്പോൾ അത് എല്ലായ്‌പ്പോഴും ഞെട്ടിപ്പിക്കുന്നതാണ്. ആക്രമണം വളരെ പെട്ടെന്നായിരുന്നു. ചിന്തിക്കാൻ അധികം സമയമില്ലായിരുന്നു. ഇത്തരം രോഗികളെ, ഈ കൊള്ളക്കാരെ, ഈ ഭയങ്കര മനുഷ്യരെ… നമ്മുടെ ജീവിതത്തിൻ്റെ ഘടന മാറ്റാനും, നമ്മൾ ചെയ്യുന്ന കാര്യങ്ങളുടെ ഗതി മാറ്റാനും അനുവദിക്കുന്നത് എനിക്ക് ഇഷ്ടമല്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
വാഷിങ്ടൺ ഹിൽട്ടൺ ഹാളിൽ മാധ്യമ പ്രവർത്തകർക്കായി ഒരുക്കിയ ഡിന്നർ അത്താഴ വിരുന്നിലാണ് വെടിവയ്പ് ഉണ്ടായത്. ആർക്കും പരിക്കുകളോ ജീവാപായമോ സംഭവിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

