യോഗം കഴിഞ്ഞു; തീരുമാനം ഇന്നില്ല

ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്നു തീരുമാനിക്കാനുള്ള യോഗം കഴി‍ഞ്ഞു. മൂന്നു നേതാക്കളും വാദമുഖങ്ങൾ നിരത്തി. എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് കെ.സി. വേണുഗോപാൽ. പാർട്ടി കീഴ്‌വഴക്കം അതാണെന്നും കെസി. എംഎൽഎമാരുടെ പിന്തുണ മാത്രം പരിഗണിച്ചാൽ പോരെന്ന് രമേശ് ചെന്നിത്തലയും സതീശനും. താൻ സീനിയറാണെന്നു ചെന്നിത്തല. പാർട്ടി പറഞ്ഞതനുസരിച്ച് മാറി നിന്നു. ഘടക കക്ഷികളുടെ അഭിപ്രായം പരിഗണിക്കണമെന്ന് സതീശൻ. പ്രതിപക്ഷത്തെ 5 വർഷം നയിച്ചു. മുഖ്യമന്ത്രി സ്ഥാനമില്ലെങ്കിൽ മറ്റു പദവികൾ വേണ്ടെന്നും സതീശൻ അറിയിച്ചു.

മുഖ്യമന്ത്രി ചർച്ചയ്ക്കായി ഡൽഹിയിലെത്തിയ വി.ഡി.സതീശന് എംഎസ്എഫ് പ്രവർത്തകർ സ്വീകരണം നൽകി. കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫിന് നേരെ അവർ മുദ്രാവാക്യം വിളിച്ചു. കേരള ഹൗസിൽ റൂം ബുക്ക് ചെയ്തിരുന്നെങ്കിലും രമേശ് ചെന്നിത്തല എത്തിയില്ല. ഇന്നലെ വൈകിട്ട് ഏഴരയോടെ തിരുവനന്തപുരത്തുനിന്ന് യാത്ര തിരിച്ച നേതാക്കൾ ഡൽഹിയിലെത്തിയത് രാത്രി പന്ത്രണ്ടരയോടെയാണ്. കേരള ഹൗസിലേക്ക് വി.ഡി.സതീശന്‍റെ കാർ എത്തിയ ഉടൻ എംഎസ്എഫ് പ്രവർത്തകർ മുദ്രാവാക്യം വിളിയുമായി എത്തി. നേതാക്കൾ ഷാൾ അണിയിച്ചശേഷം തോളിലേറ്റി കേരള ഹൗസിലേക്ക് എത്തിച്ചു. യുഡിഎഫ് വിജയത്തിലെ സന്തോഷം പങ്കുവച്ച് കേക്ക് മുറിച്ചു. മാധ്യമങ്ങളോട് പ്രതികരിക്കാതെ വി.ഡി.സതീശൻ മുറിയിലേക്കു പോയി. തൊട്ടു പിന്നാലെ കേരള ഹൗസിലേക്ക് എത്തിയ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനു നേരെ എംഎസ്എഫ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. മാധ്യമങ്ങളോട് പ്രതികരിക്കാതെ അദ്ദേഹവും മുറിയിലേക്കു പോയി.

Leave a Reply

Your email address will not be published. Required fields are marked *