തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയെ പരസ്യമായി ഭീഷണിപ്പെടുത്തി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ രംഗത്ത്. തച്ചങ്കരിയുടെ പെരുമാറ്റം സ്വേഛാധിപതിയെ പോലെയാണെന്നും വച്ചു പൊറുപ്പിക്കില്ലെന്നും പന്ന്യന്‍ പറഞ്ഞു. എംഡിയുടെ നയങ്ങള്‍ ചോദ്യം ചെയ്ത് കെഎസ്ആര്‍ടിസി സംയുക്ത തൊഴിലാളി യൂണിയന്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പന്ന്യന്‍.

കെഎസ്ആര്‍ടിസി എംഡി എന്ന നിലയില്‍ തച്ചങ്കരി സ്വീകരിക്കുന്ന പല നടപടികളും കമ്മീഷന്‍ കൈപ്പറ്റാനുള്ള നീക്കത്തിന്റെ ഭാഗമായാണ്. എംഡിയുടെ പേര് പറയുന്നത് പോലും നാണക്കേടാണ്. ഇന്ന് വന്ന് നാളെ പോകേണ്ടവനാണ് താനെന്ന കാര്യം തച്ചങ്കരി മറക്കരുതെന്നും പന്ന്യന്‍ ഓര്‍മിപ്പിച്ചു. ആളുകുറഞ്ഞ സമയങ്ങളിലെ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാനും എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതും ഉള്‍പ്പടെയുള്ള വിഷയം ഉയര്‍ത്തിയാണ് സംയുക്ത തൊഴിലാളി യൂണിയന്‍ സമരമുഖത്ത് ഇറങ്ങിയിരിക്കുന്നത്.

നേരത്തെ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദനും തച്ചങ്കരിയെ പരസ്യമായി അധിക്ഷേപിച്ച് പൊതുവേദിയില്‍ സംസാരിച്ചിരുന്നു. തച്ചങ്കരി തൊഴിലാളി വിരുദ്ധനാണെന്നായിരുന്നു ആനത്തലവട്ടം ആനന്ദന്റെ വിമര്‍ശനം. തച്ചങ്കരിയെ എംഡി സ്ഥാനത്തു നിന്നും മാറ്റാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടില്ലെന്നും അയാള്‍ മടുത്ത് ഇറങ്ങിപ്പോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *