
ക്ഷേത്രനടയിൽ ചെരിപ്പഴിച്ചിട്ടു മാത്രം പ്രവേശിക്കുന്ന നാട്ടിൽ, ഭഗവാന് തുകൽച്ചെരിപ്പുകൾ വഴിപാടായി നൽകുന്ന ഒരിടമുണ്ട്!
മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലുള്ള ആരവല്ലി ഗ്രാമത്തിലെ പ്രസിദ്ധമായ വേതോബ ക്ഷേത്രമാണ് ഈ അപൂർവ ആചാരത്തിന് പേരുകേട്ടത്. വലതുകയ്യിൽ വാളും ഇടതുകയ്യിൽ അഗ്നിപാത്രവുമേന്തി നിൽക്കുന്ന, ഒമ്പതടിയിലേറെ ഉയരമുള്ള പഞ്ചലോഹ വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
രാത്രിയായാൽ ഗ്രാമവാസികളുടെ സംരക്ഷണത്തിനായി ഭഗവാൻ ഈ തുകൽച്ചെരിപ്പുകളണിഞ്ഞ് നാടുചുറ്റുമെന്നാണ് തലമുറകളായുള്ള വിശ്വാസം. അതുകൊണ്ടുതന്നെ, സ്വന്തം രക്ഷകനായ വേതോബയ്ക്കായി ഭക്തർ സമർപ്പിക്കുന്ന പ്രധാന വഴിപാടും പുതിയ തുകൽച്ചെരിപ്പുകളാണ്.
ഭക്തർ നേർച്ചയായി സമർപ്പിക്കുന്ന വലിയ കോലാപ്പൂരി ചെരിപ്പുകൾ ഏതാനും മാസങ്ങൾ കഴിയുമ്പോൾ അടിഭാഗം തേഞ്ഞുതീരുന്നതായി കാണപ്പെടുന്നതായാണ് ഭക്തർ പറയുന്നത്.ഭഗവാൻ രാത്രി നടക്കുന്നത് കൊണ്ടാണ് ഇത്തരത്തിൽ ചെരിപ്പ് തേഞ്ഞുപോകുന്നതെന്നാണ് നാട്ടുകാരുടെ വിശ്വാസം. പരീക്ഷകളിൽ ജയിക്കാനും ആഗ്രഹങ്ങൾ സാധിക്കാനും ആപത്തിൽനിന്ന് സംരക്ഷണം ലഭിക്കാനും ഭക്തർ തുകൽ ചെരിപ്പുകൾ വഴിപാടായി സമർപ്പിക്കുന്നു. നേന്ത്രപ്പഴക്കുലകൾ, പഞ്ചസാര, മധുരപലഹാരങ്ങൾ എന്നിവയാണ് മറ്റ് പ്രധാന വഴിപാട്.

ക്ഷേത്രത്തിൽ എന്തെങ്കിലും പുതിയ കാര്യങ്ങൾ ചെയ്യുന്നതിന് മുൻപോ ഭക്തരുടെ വ്യക്തിപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുൻപോ വേതോബയുടെ അനുവാദം ചോദിക്കാറുണ്ട്. ഈ ആചാരത്തെ ‘കൗൾ’ എന്നാണ് അറിയപ്പെടുന്നത്. വേതോബ ക്ഷേത്രം 17-ാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണെന്ന് പറയപ്പെടുന്നു.
