വായില്‍ ബെഡ്ഷീറ്റ് തിരുകി, കഴുത്തില്‍ കുരുക്കിട്ടു; പ്രണയബന്ധത്തെ എതിര്‍ത്ത മുത്തശ്ശിയെ കൊലപ്പെടുത്തി കൊച്ചുമകളും കാമുകനും

കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ മുത്തശിയെ കൊലപ്പെടുത്തിയ കേസില്‍ 16 വയസുകാരിയായ  കൊച്ചുമകള്‍ കസ്റ്റഡിയില്‍.  55 വയസുള്ള മഹാദേവമ്മയാണ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ 11നാണ് മഹാദേവമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തും ഡ്രൈവറുമായ ആകാശാണ് (23 ) മുഖ്യപ്രതി. ബന്ധുവായ രവികുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെുടുത്തത്.

ആകാശും പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയബന്ധത്തെ മുത്തശ്ശി എതിര്‍ത്തിരുന്നു. ബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍  പെണ്‍കുട്ടിക്ക് താക്കീത് നല്‍കുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

ഒക്ടോബര്‍ 10ന് 11 മണിയോടെയാണ് സംഭവം നടന്നത്. ഉറങ്ങിക്കിടന്നിരുന്ന മഹാദേവമ്മയെ കൊച്ചുമകള്‍ വിളിച്ചുണര്‍ത്തുകയും പിന്നാലെ ആകാശ് ആക്രമിക്കുകയുമായിരുന്നു. മഹാദേവമ്മയുടെ ശബ്ദം പുറത്തുകേള്‍ക്കാതിരിക്കാന്‍  വായില്‍ ബെഡ്ഷീറ്റ് തിരുകികയറ്റി.

മുത്തശ്ശിയുടെ കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്താനായി ആകാശ് ആവശ്യപ്പെട്ടതനുസരിച്ച് പെൺകുട്ടി തന്റെ ഷോൾ എടുത്തു നൽകി. ആ ഷോൾ കീറിയതിനെത്തുടർന്ന്  ഉടൻ തന്നെ കയറെടുത്ത് നൽകുകയും, കയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നും  പൊലീസ് വ്യക്തമാക്കി.

ബന്ധുക്കള്‍ ആദ്യം ഇതൊരു സ്വാഭാവിക മരണമായാണ് കരുതിയിരുന്നത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കഴുത്തില്‍ പാടുകള്‍ കണ്ടെത്തുകയും പിന്നീട് പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. പെണ്‍കുട്ടി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സംഭവശേഷം ഒളിവില്‍പ്പോയ ആകാശിനായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *