ഭര്‍ത്താവിനെ 15 കഷ്ണങ്ങളാക്കി വെട്ടിനുറുക്കി കോണ്‍ക്രീറ്റ് ചെയ്ത ഭാര്യയ്ക്കും കാമുകനും വധശിക്ഷ

രാജ്യവ്യാപകമായി ഏറെ ഞെട്ടലുണ്ടാക്കിയ മീററ്റ് ബ്ലൂ ഡ്രം കൊലക്കേസിൽ പ്രതികള്‍ക്ക് വധശിക്ഷ. ഉത്തര്‍പ്രദേശിലെ മീററ്റില്‍ മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥനായിരുന്ന സൗരഭ് രാജ്പുത്തിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ച് വീപ്പയിലാക്കി കോണ്‍ക്രീറ്റ് ചെയ്ത ഭാര്യ മുസ്കാന്‍ റസ്തോഗിക്കും കാമുകന്‍ സാഹില്‍ ശുക്ലയ്ക്കുമാണ് കോടതി വധശിക്ഷ വിധിച്ചത്. മീററ്റ് ജില്ലാ ജഡ്ജി അരവിന്ദ് കുമാര്‍ മിശ്രയാണ് രാജ്യത്തെ നടുക്കിയ കേസില്‍ വിധി പ്രസ്താവിച്ചത്. 126 ദിവസം നീണ്ട വിചാരണയ്ക്കും സാക്ഷിവിസ്താരത്തിനും ശേഷമാണ് വിചാരണക്കോടതി പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും പരമാവധി ശിക്ഷ വിധിക്കുകയും ചെയ്തത്.

ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കേസിൽ സെപ്റ്റംബർ 30ന് കോടതി പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ശിക്ഷാവിധി പ്രഖ്യാപിക്കുന്നതിനായി മാറ്റിവെച്ച കേസിലാണ് ഇപ്പോൾ കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്. സമൂഹത്തിൽ സമാനമായ കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇത്തരം അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസുകളിൽ കർശന ശിക്ഷ നൽകേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു

saurabh-rajput

സൗരഭ് രാജ്പുത്ത്

2025 മാര്‍ച്ച് മൂന്നിനാണ് മീററ്റ് ബ്രഹ്മപുരിയിലെ വീട്ടില്‍ വച്ച് സൗരഭ് രാജ്പുത്ത് കൊല്ലപ്പെട്ടത്. വിദേശത്തായിരുന്ന സൗരഭ് മകളുടെ ജന്മദിനം ആഘോഷിക്കാന്‍ നാട്ടിലെത്തിയപ്പോഴായിരുന്നു കൊലപാതകം. മുസ്കാന്‍ രാത്രി സൗരഭിന്‍റെ ഭക്ഷണത്തില്‍ ലഹരി മരുന്ന് കലര്‍ത്തി നല്‍കി ബോധം കെടുത്തിയ ശേഷം കാമുകനെ വിളിച്ചുവരുത്തി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് സൗരഭിനെ കുത്തിയും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു.

പൈശാചികമായ കൊലപാതകത്തിനുശേഷം ഇരുവരും ചേര്‍ന്ന് സൗരഭിന്‍റെ മൃതദേഹം കുളിമുറിയിലെത്തിച്ച് 15 കഷ്ണങ്ങളായി വെട്ടിമുറിച്ചു. മൃതദേഹം അഴുകുമ്പോള്‍ ദുര്‍ഗന്ധം വരാനുള്ള സാധ്യത കണക്കിലെടുത്ത് ഇരുവരും ശരീരഭാഗങ്ങള്‍ പ്ലാസ്റ്റിക് കവറിലാക്കി വലിയ ഡ്രമ്മുകളില്‍ ഇട്ടശേഷം അതില്‍ കോണ്‍ക്രീറ്റ് നിറയ്ക്കുകയായിരുന്നു.

കൊലപാതകത്തിന്‍റെ പിറ്റേന്ന് മുസ്കാനും സാഹില്‍ ശുക്ലയും ഹിമാചല്‍പ്രദേശിലെ ഷിംലയിലേക്കും അവിടെ നിന്ന് മണാലിയിലേക്കും കടന്നു. അവിടെനിന്ന് സൗരഭിന്‍റെ മൊബൈല്‍ ഫോണില്‍ നിന്ന് ബന്ധുക്കള്‍ക്ക് മെസേജുകള്‍ അയക്കുകയും ബിസിനസ് ആവശ്യത്തിന് പോയതാണെന്ന് വരുത്താന്‍ ശ്രമിക്കുകയും ചെയ്തു. 2025 മാര്‍ച്ച് 17ന് വീട്ടിലെത്തിയ ചില ബന്ധുക്കള്‍ക്ക് സംശയം തോന്നി ലോക്കല്‍ പൊലീസിനെ വിവരമറിയിച്ചു. ബന്ധുക്കള്‍ക്കൊപ്പം പൊലീസ് എത്തിയപ്പോള്‍ സൗരഭിന്‍റെ മകള്‍ ‘പപ്പ ഡ്രമ്മിലാണ്’ എന്ന് പറഞ്ഞതാണ് വഴിത്തിരിവായത്.

പൊലീസ് വീടിന് സമീപത്തുണ്ടായിരുന്ന കോണ്‍ക്രീറ്റ് നിറച്ച ഡ്രമ്മുകള്‍ വെട്ടിപ്പൊളിച്ചപ്പോള്‍ അതില്‍ നിന്ന് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ മൃതദേഹഭാഗങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് വിപുലമായ തിരച്ചിലാരംഭിച്ചു. പല സംസ്ഥാനങ്ങളിലായി രണ്ടുദിവസത്തിലേറെ നീണ്ട തിരച്ചിലിനൊടുവില്‍ മുസ്കാന്‍ റസ്തോഗിയും സാഹില്‍ ശുക്ലയും പിടിയിലായി. ഏറെക്കാലമായി തുടര്‍ന്നിരുന്ന പ്രണയബന്ധം സൗരഭ് അറിയുമെന്ന് ഭയന്നും ലഹരി ഉപയോഗത്തിന് തടസമുണ്ടാകാതിരിക്കാനുമാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതികളുടെ മൊഴി.

തൊണ്ടിമുതലുകള്‍ക്ക് പുറമേ സാഹചര്യത്തെളിവുകള്‍, ഡിജിറ്റല്‍ തെളിവുകള്‍, മറ്റ് ശാസ്ത്രീയ തെളിവുകള്‍ എന്നിവ പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. മൃതദേഹം നിറച്ച പ്ലാസ്റ്റിക് ഡ്രമ്മുകള്‍, കോണ്‍ക്രീറ്റ് കഷ്ണങ്ങള്‍, വലിയ കത്തികള്‍ തുടങ്ങിയവ ഇതില്‍പ്പെടും. പ്രതികളുടെ മൊബൈല്‍ ഫോണ്‍ രേഖകളും ലൊക്കേഷന്‍ വിവരങ്ങളുമെല്ലാം തെളിവുകളായി. ജയിലിലായ മുസ്കാന്‍ അവിടെവച്ച് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. സൗരഭിനെ കൊല്ലുമ്പോള്‍ മുസ്കാന്‍ ഗര്‍ഭിണിയായിരുന്നുവെന്നാണ് വിവരം.

വധശിക്ഷാവിധി കേട്ട മുസ്കാന്‍റെ കുടുംബം വിധിയോട് വിയോജിപ്പില്ല എന്നാണ് പ്രതികരിച്ചത്. സൗരഭ് നല്ല മനുഷ്യനായിരുന്നുവെന്നും മുസ്കാന്‍റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. കൊലപാതകത്തിനുശേഷം ഒരിക്കല്‍പ്പോലും കുടുംബാംഗങ്ങള്‍ മുസ്കാനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *