അഞ്ച് കോടി രൂപ  ഒന്നാം സമ്മാനം ലഭിച്ച മണ്‍സൂണ്‍ ബംപര്‍ ലോട്ടറി ടിക്കറ്റ് മോഷണം പോയെന്ന് പരാതി

കണ്ണൂര്‍ : മണ്‍സൂണ്‍ ബംപര്‍ ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് മോഷണം പോയെന്ന് പരാതി. കണ്ണൂര്‍ പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ വച്ച്‌ ടിക്കറ്റ് സൂക്ഷിച്ച പഴ്‌സ് മോഷണം പോയെന്നാണ് കോഴിക്കോട് പുതിയങ്ങാടി സ്വദേശി മുനിയന്‍ തളിപറമ്പ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

തനിക്ക് സമ്മാനം ലഭിച്ച ടിക്കറ്റുമായി മറ്റൊരാള്‍ ഒന്നാം സമ്മാനം നേടിയെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും സമ്മാനം ലഭിച്ച ടിക്കറ്റ് ഇയാള്‍ കണ്ണൂര്‍ പുതിയതെരുവിലെ കാനറ ബാങ്കില്‍ ഏല്‍പിച്ചെന്നും പരാതിയില്‍ പറയുന്നു. ലോട്ടറി ടിക്കറ്റ് വാങ്ങിയ ഉടന്‍ തന്നെ പിറകില്‍ തന്റെ പേര് എഴുതി വച്ചിരുന്നു എന്നാല്‍ ഈ പേര് മായ്ച്ചു കളഞ്ഞാണ് ടിക്കറ്റ് ബാങ്കില്‍ ഏല്‍പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ തളിപറമ്പ്പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കണ്ണൂര്‍ പറശ്ശിനിക്കടവ് സ്വദേശിയായ അജിതനാണ് മണ്‍സൂണ്‍ ബംപര്‍ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് ബാങ്കില്‍ ഹാജരാക്കിയത്. ഇയാള്‍ക്കെതിരെയാണ് മുനിയന്റെ പരാതി.

Leave a Reply

Your email address will not be published. Required fields are marked *