ബെംഗളൂരു: ആത്മവിശ്വാസം കൊണ്ട് വീണ്ടും അമ്പരപ്പിച്ച് കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ. ‘ഇന്നു തന്നെ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കും അഞ്ചുമണിയോടെ ബിജെപിയുടെ ആഹ്ലാദപ്രകടനം ഉണ്ടാകും’. അതിനായി അണികള്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. നാളെ പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്ന് കര്‍ഷകര്‍ക്കായി കൂടുതല്‍ തീരുമാനങ്ങളെടുക്കുമെന്നും യെദിയൂരപ്പ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ്‌ജെഡിഎസ് ക്യാപില്‍ ആശങ്കയുയരുമ്പോഴാണു തികഞ്ഞ ആത്മവിശ്വാസവുമായി ബിജെപി വോട്ടെടുപ്പിനെ നേരിടുന്നത്.

തങ്ങളുടെ കൂട്ടത്തിലുള്ള ആരെയൊക്കെ ബിജെപിക്കാര്‍ ചാക്കിട്ട് പിടിച്ചിട്ടുണ്ടെന്ന് ഇനിയും കോണ്‍ഗ്രസിനും ജെഡിഎസിനും വ്യക്തമല്ല. യെദിയൂരപ്പ അടക്കമുള്ള ബിജെപി നേതാക്കള്‍ യാതൊരു ആശങ്കയുമില്ലാതെ സംസാരിക്കുന്നതും കോണ്‍ഗ്രസിന് തലവേദനയുണ്ടാക്കുന്നു. തങ്ങളുടെ രണ്ട് എംഎല്‍എമാര്‍ ബിജെപി പക്ഷത്തേക്ക് കൂറുമാറിയെന്ന് ഇന്നലെ തന്നെ എച്ച്.ഡി. കുമാരസ്വാമി അറിയിച്ചിരുന്നെങ്കിലും ഇന്നു സഭയില്‍ എല്ലാവരുമെത്തിയിട്ടുണ്ട്. നിര്‍ണായകമായ ഘട്ടത്തില്‍ പാര്‍ട്ടിയെ സഹായിക്കണമെന്നും പാര്‍ട്ടിക്ക് ഒപ്പം നില്‍ക്കണമെന്നുമാണ് ഇന്നലെ രാത്രിയും കുമാരസ്വാമി എംഎല്‍മാരോട് അഭ്യര്‍ഥിച്ചത്.

എന്നാല്‍ കോണ്‍ഗ്രസിലെ രണ്ട് എംഎല്‍എമാര്‍ ഇതുവരെ സഭയിലെത്തിയിട്ടില്ല. ആനന്ദ് സിങ്ങും പ്രതാപ് ഗൗഡയുമാണ് എത്താത്തത്. ഇരുവരും ബെംഗളൂരുവിലെ താജ് വെസ്റ്റ് എന്‍ഡ് ഹോട്ടലിലുണ്ടെന്നാണു വിവരം. ഇവരുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *