മോസ്കോ: ഗ്രൂപ്പ് ഡിയില്‍ കൂട്ടിക്കിഴിക്കലുകള്‍ക്ക് കളമൊരുക്കി നൈജീരിയയ്ക്ക് തക‍ര്‍പ്പന്‍ ജയം. അര്‍ജന്‍റീനയെ പ്രതിരോധക്കുരുക്കില്‍ പൂട്ടിയ ഐസ് ലന്‍ഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് നൈജീരിയ തകര്‍ത്തത്. അഹമ്മദ് മൂസയാണ് രണ്ട് ഗോളും നേടിയത്. നൈജീരിയ ജയിച്ചതോടെ അര്‍ജന്‍റീന പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി.
ബസ് പാര്‍ക്കിംഗ് പ്രതിരോധത്തില്‍ അര്‍ജന്‍റീനയെ സമനിലയില്‍ കുരുക്കിയതിന്‍റെ ആത്മവിശ്വാസത്തിലിറങ്ങിയ ഐസ് ലന്‍ഡിന്‍റെ അടവുകള്‍ നൈജീരിയയ്ക്ക് മുന്നില്‍ വിലപ്പോയില്ല. പ്രീക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് വിജയമുറപ്പിച്ചിറങ്ങിയവര്‍ക്ക് നൈജീരിയന്‍ കരുത്തിനു മുന്നില്‍ കാലിടറുകയായിരുന്നു. ആദ്യ മത്സരത്തില്‍ ക്രൊയേഷ്യയോട് തോറ്റ നൈജീരിയയ്ക്ക് ഇന്ന് നിലനില്‍പ്പിന്‍റെ പോരാട്ടമായിരുന്നു. അതറിഞ്ഞായിരുന്നു അവരുടെ കളിയും.
അവസരങ്ങള്‍ പിറന്നെങ്കിലും ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. 49-ാം മിനിറ്റില്‍ മൂസയുടെ മനംനിറച്ച ആദ്യ ഗോള്‍. വലതുപാര്‍ശ്വത്തില്‍ നിന്നും മൂസ നല്‍കിയ പന്ത് ക്ഷണനേരത്തില്‍ ഒരു ഉഗ്രന്‍ ഹാഫ് വോളിയിലൂടെ വലയില്‍. 75-ാം മിനിറ്റില്‍ അതിലും സുന്ദരമായൊരു ഗോളിലൂടെ മൂസ പട്ടിക പൂര്‍ത്തിയാക്കി. 85-ാം മിനിറ്റില്‍ വീഡിയോ അസിസ്റ്റന്‍റ് റഫറിയുടെ സഹായത്തോടെ ലഭിച്ച പെനാല്‍റ്റി ഐസ് ലന്‍‍ഡ് പാഴാക്കുന്നതും കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *