ഭോപ്പാല്‍: മുതിര്‍ന്ന ജഡ്ജിയുടെ കസേരയിലിരുന്ന് സെല്‍ഫിയെടുത്ത ട്രെയിനി പോലീസ് കോണ്‍സ്റ്റബിള്‍ അകത്തായി. മധ്യപ്രദേശിലെ ഉമാറിയയിലാണ് സംഭവം. ഉമാറിയ പോലീസ് അക്കാഡമിയിലെ രാം അവ്തര്‍ റാവത്ത് (28) എന്ന ട്രെയിനി കോണ്‍സ്റ്റബിളിനെയാണ് കോടതിയില്‍ അതിക്രമിച്ചു കടന്നുവെന്ന കുറ്റത്തിന് കോഠ്വാലി പോലീസ് അറസ്റ്റു ചെയ്തത്. മദ്യലഹരിയില്‍ ഇയാള്‍ ശനിയാഴ്ച രാത്രിയാണ് ജില്ലാ ജഡ്ജിയുടെ മുറിയില്‍ കയറിയത്.

മുറി പൂട്ടിയിരുന്നില്ല. ഒഴിഞ്ഞു കിടന്ന മുറിയിലെ ജഡ്ജിയുടെ കസേരയില്‍ ഇരുന്ന് ഇയാള്‍ സെല്‍ഫികളെടുത്തതായും കോഠ്വാലി പോലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ആര്‍.ബി സോണി പറഞ്ഞു. കോടതിയിലെ പ്യൂണ്‍ ശക്തി സിങ് ഇയാളെ കയ്യോടെ പിടികൂടുകയും കോടതി അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് റാവത്തിനെ അറസ്റ്റു ചെയ്യുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 448ാം വകുപ്പ് പ്രകാരം റാവത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പിന്നീട് ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതായി അന്വേഷണ ഉദ്യോഗസ്ഥ സരിക ശര്‍മ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *