അടിമാലി: കുഞ്ചിത്തണ്ണിക്ക് സമീപം മുതിരപ്പുഴയാറ്റില്‍ അഴുകിയ നിലയില്‍ മനുഷ്യ ശരീരഭാഗം കണ്ടെത്തി. സ്ത്രീയുടേതെന്നു തോന്നിക്കുന്ന, അരക്ക് താഴോട്ടുള്ള ഒരു കാലിന്റെ ഭാഗമാണ് കണ്ടെത്തിയത്.

കുഞ്ചിത്തണ്ണി സര്‍ക്കാര്‍ സ്‌കൂളിന് താഴ്ഭാഗത്തായിട്ടുള്ള പുഴയില്‍ ഇന്നലെ രാവിലെ പത്തോടെയാണ് സമീപവാസിയായ തോമസും ഭാര്യയും സംഭവം കണ്ടത്. പുല്ലുവെട്ടുന്നതിനായി പുഴക്കരയിലെത്തിയപ്പോഴാണ് പഴക്കം ചെന്ന ശരീര ഭാഗം കണ്ടത്. ഉടന്‍ തന്നെ ഇവര്‍ സമീപവാസികളെ വിവരമറിയിക്കുകയും വെള്ളത്തൂവല്‍ എസ്.ഐ: എസ്. ശിവലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. പുഴയുടെ സമീപ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും മറ്റ് ശരീരഭാഗങ്ങള്‍ ഒന്നും കണ്ടെത്താനായില്ല.

സമീപ സ്റ്റേഷനുകളിലെ മാന്‍ മിസിംങ് കേസുകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. മൂന്നാര്‍ ആറ്റുകാടില്‍ നിന്നും ഒരു സ്ത്രീയെയും, ഒന്നരയാഴ്ച്ച മുമ്ബ് പള്ളിവാസല്‍ എട്ടാം വാര്‍ഡ് പവര്‍ ഹൗസിലുള്ള മറ്റൊരു സ്ത്രീയെയും കാണാതായിരുന്നു.

ഇവരില്‍ ആരുടെയെങ്കിലുമാണോ ശരീരഭാഗം എന്നതിനെ സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇരുവരുടെ ബന്ധുക്കള്‍ ശരീരഭാഗം തിരിച്ചറിയാന്‍ സാധിച്ചില്ല. നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ശരീരഭാഗം ഫോറന്‍സിക് പരിശോധനക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *