
ന്യൂഡല്‍ഹി: റെഡ്ബുള്‍ ഉല്‍പ്പന്നങ്ങളില്‍ ‘എനര്‍ജി ഡ്രിങ്ക്’ എന്ന വാക്ക് ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. കമ്പനിക്ക് മറുപടി നല്‍കാനോ വിശദീകരണം സമര്‍പ്പിക്കാനോ യാതൊരു അവസരവും നല്‍കാതെയാണ് ഫുഡ് സേഫ്റ്റി അതോറിറ്റി ഈ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ജസ്റ്റിസ് അമിത് മഹാജന്‍ വിധി പ്രസ്താവിച്ചു.
റെഡ്ബുള്‍ കമ്പനിക്ക് അവരുടെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കിയ ശേഷം ഫുഡ് സേഫ്റ്റി അതോറിറ്റിക്ക് പുതിയ ഉത്തരവ് പുറപ്പെടുവിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണം. ഹിയറിംഗിനുള്ള അവസരവും നല്‍കി കൃത്യമായി നടപടി ക്രമങ്ങള്‍ പാലിക്കണമെന്നും കോടതി വ്യക്തമാക്കി.
പ്രത്യേകമായി കാരണം കാണിക്കല്‍ നോട്ടീസ് ഒന്നും നല്‍കിയില്ലെന്നും ജൂണ്‍ 30ന് കമ്പനിക്ക് നല്‍കിയ കത്ത് തന്നെയാണ് നോട്ടീസ് ആയി കണക്കാക്കിയതെന്നുമായിരുന്നു അതോറിറ്റി കോടതിയെ അറിയിച്ചത്. കൂടാതെ തങ്ങളുടെ ആശങ്ക എനര്‍ജി ഡ്രിങ്ക് എന്ന വാക്കുകളുടെ ഉപയോഗത്തില്‍ മാത്രമാണെന്നും ഉല്‍പ്പന്നത്തെക്കുറിച്ചല്ലെന്നും അതോറിറ്റി വ്യക്തമാക്കി.എന്നാല്‍, 2002 മുതല്‍ രാജ്യത്ത് തങ്ങളുടെ പാനീയങ്ങള്‍ ‘എനര്‍ജി ഡ്രിങ്ക്’ എന്ന പേരില്‍ പുറത്തിറക്കിയിട്ടുണ്ടെന്നും കഫീന്‍ അടങ്ങിയ പാനീയങ്ങളുടെ വിഭാഗത്തില്‍ ഇതിന്റെ ഉപയോഗം ഫുഡ് സേഫ്റ്റി അതോറിറ്റി തന്നെ മുന്‍പ് അംഗീകരിച്ചിട്ടുള്ളതാണെന്നും ഹര്‍ജിക്കാരനായ കമ്പനി കോടതിയെ അറിയിച്ചു.
