
കോഴിക്കോട്: പ്രശസ്ത യൂട്യൂബർ അശ്വന്ത് കോക്കിന്റെ വാഹനത്തിൽ നിന്ന് തോക്ക് കണ്ടെടുത്തു. ഇത് എയർ പിസ്റ്റലാണെന്നാണ് പ്രാഥമിക വിവരം. തോക്കിന് പുറമെ രണ്ട് മദ്യക്കുപ്പികളും നടക്കാവ് പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ കഴിഞ്ഞ ദിവസമാണ് അശ്വന്ത് കോക്ക് പിടിയിലായത്.
മദ്യപിച്ച് വാഹനം ഓടിച്ചെന്ന പരാതിയെ തുടർന്നാണ് നടക്കാവ് പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. എരഞ്ഞിപ്പാലം ഭാഗത്തുവച്ച് അശ്വന്ത് ഓടിച്ച വാഹനം മറ്റ് വാഹനങ്ങളിൽ ഇടിച്ചുവെന്നാണ് പരാതി. സംഭവത്തെ തുടർന്ന് നാട്ടുകാർ വാഹനം തടഞ്ഞുനിർത്തുകയും തുടർന്ന് അശ്വന്തിനെ പൊലീസിന് കൈമാറുകയുമായിരുന്നു.
പൊലീസ് സ്ഥലത്തെത്തുമ്പോൾ അശ്വന്ത് വാഹനത്തിന് പുറത്തിറങ്ങി നിൽക്കുന്ന നിലയിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. അദ്ദേഹം മദ്യപിച്ചാണോ വാഹനം ഓടിച്ചിരുന്നത് എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വൈദ്യപരിശോധനയിലൂടെയും വിശദമായ പൊലീസ് അന്വേഷണത്തിലൂടെയും മാത്രമേ വ്യക്തമാകൂ.
