
ചെന്നൈ: തിരുപ്പറകുൺറം മലമുകളിൽ ദർഗക്കു സമീപത്തെ കൽത്തൂണിൽ കാർത്തിക മഹാദീപം തെളിക്കാതെ പതിവ് സ്ഥലമായ ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിനു സമീപത്തെ ദീപമണ്ഡപത്തിൽതന്നെ ദീപം തെളിച്ചതിൽ വിശദീകരണവുമായി ക്ഷേത്രം അധികൃതർ.
കാലങ്ങളായി പിന്തുടർന്നുവരുന്ന ആചാരങ്ങളും ക്ഷേത്ര പൂജാവിധികളും പാലിച്ചാണ് ദീപമണ്ഡപത്തിൽ ദീപം തെളിച്ചതെന്ന് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ ജി. സെൽവിയും ട്രസ്റ്റി ബോർഡ് ചെയർമാൻ വി. ഷൺമുഖസുന്ദരവും സംയുക്തമായി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. മുരുകന്റെ ‘ആറുപടൈവീടു’കളിൽ ആദ്യത്തേതായി കണക്കാക്കപ്പെടുന്ന ക്ഷേത്രം പണ്ടുകാലം മുതൽക്കേ ഇത്തരം ആചാരങ്ങൾ പിന്തുടർന്നുവരുന്നതാണെന്ന് കുറിപ്പിൽ പറയുന്നു. വർഷം മുഴുവൻ വിവിധ ഉത്സവങ്ങളും ആഘോഷങ്ങളും നടത്തുന്ന ക്ഷേത്രത്തിൽ ആഗമ നിയമങ്ങൾക്കനുസൃതമായി പരമ്പരാഗത ആചാരങ്ങളും അനുഷ്ഠാനങ്ങളും കാലങ്ങളായി തുടർന്നുവരുന്ന രീതികളും പാലിച്ചാണ് ചടങ്ങുകൾ നടത്തുന്നതെന്നും അധികൃതർ വ്യക്തമാക്കി.
മലമുകളിൽ സിക്കന്തർ ബാദുഷ ദർഗക്കു സമീപമുള്ള പുരാതന കൽത്തൂണിൽ ഈ വർഷം ഒരുതവണ മാത്രം കാർത്തിക ദീപം തെളിക്കാമെന്ന് സുപ്രീംകോടതി നവംബർ 20ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഉത്തരവ് നടപ്പാക്കണമെന്ന് മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ചും നിർദേശിച്ചു. എന്നാൽ, നൂറിലേറെ വർഷമായി പിന്തുടരുന്ന ആചാരങ്ങളും ആഗമവിധികളും അനുസരിച്ച് ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിനു സമീപമുള്ള ദീപമണ്ഡപത്തിലാണ് ദീപം തെളിക്കേണ്ടതെന്ന നിലപാടിലായിരുന്നു തമിഴ്നാട് സർക്കാറും ക്ഷേത്രഭരണസമിതിയും.
അതിനിടെ, തിരുപ്പറകുൺറം ക്ഷേത്രത്തിനു പുറത്ത് പ്രതിഷേധിച്ച നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിജെപിയുമായും മറ്റ് ഹിന്ദു സംഘടനകളുമായും ബന്ധമുള്ളവരായിരുന്നു പ്രതിഷേധക്കാരിൽ ഭൂരിഭാഗവും. അറസ്റ്റ് ചെയ്യാനുള്ള നീക്കത്തെ പ്രതിഷേധക്കാർ എതിർക്കുകയും പൊതുമുതൽ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതോടെ പൊലീസ് ബലംപ്രയോഗിച്ച് ഇവരെ കസ്റ്റഡിയിലെടുത്ത് നീക്കുകയായിരുന്നു. സംഘർഷസാധ്യത കണക്കിലെടുത്ത് തിരുപ്പറകുൺറത്തും പരിസരങ്ങളിലും വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരുന്നത്. സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവും അതു നടപ്പാക്കണമെന്ന മദ്രാസ് ഹൈകോടതി മധുര ബെഞ്ചിന്റെ നിർദേശവും നിലനിൽക്കെയാണ് പതിവ് സ്ഥലമായ ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിനു സമീപത്തെ ദീപമണ്ഡപത്തിൽതന്നെ ദീപം തെളിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറിനായിരുന്നു ദീപപ്രജ്വലനം. ഇതിനെതിരെ ഹിന്ദു മുന്നണി ഉൾപ്പെടെയുള്ള ഹിന്ദു സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പ്രദേശത്ത് സംഘർഷാവസ്ഥയും പൊലീസുമായി ഉന്തുംതള്ളുമുണ്ടായി.
തിരുപ്പറുകുൺറത്തേക്ക് പുറപ്പെട്ട ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രനെ തിരുനെൽവേലിയിൽവെച്ച് പൊലീസ് തടഞ്ഞ് കരുതൽ തടങ്കലിലാക്കി. ദീപം തെളിക്കുന്നതുമായി ബന്ധപ്പെട്ട് മധുര ജില്ലയിൽ നിരോധന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നിരോധന ഉത്തരവിനെതിരെ സമർപ്പിച്ച ഹരജി പരിഗണിച്ച ഹൈകോടതി മധുര ബെഞ്ച് ജില്ല കലക്ടർ നിഷാന്ത് കൃഷ്ണയോടും മധുര സിറ്റി പൊലീസ് കമീഷണറോടും നേരിട്ട് ഹാജരാകാൻ നിർദേശിച്ചിരുന്നു. സുപ്രീംകോടതിയുടെ ഉത്തരവ് കൃത്യമായി നടപ്പാക്കണമെന്നും ലംഘിച്ചാൽ കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ടിവരുമെന്നും ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ മുന്നറിയിപ്പ് നൽകി. തുടർന്ന് കലക്ടർ കോടതിയിൽ ഹാജരായി.










വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ഈവനിംഗ് കേരളയുടേതല്ല . പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.