ന്യൂഡല്‍ഹി: റംസാനോടനുബന്ധിച്ച് കശ്മീര്‍ അതിര്‍ത്തിയില്‍ പ്രഖ്യാപിച്ചിരുന്ന വെടി നിര്‍ത്തല്‍ നീട്ടാന്‍ സാധിക്കില്ലെന്ന് കേന്ദ്രത്തിന്റെ തീരുമാനം എത്തിയതിന് പിന്നാലെ ചര്‍ച്ചകള്‍ക്കായി ജമ്മുകശ്മീര്‍ മന്ത്രിമാരെ ബിജെപി ഡല്‍ഹിയിലേയ്ക്ക് വിളിപ്പിച്ചു.

കശ്മീര്‍ സംസ്ഥാന പ്രസിഡന്റ് രവീന്ദര്‍ റെയ്‌നയുടെ നേതൃത്വത്തിലായിരിക്കും ജമ്മുകശ്മീര്‍ മന്ത്രിമാര്‍ ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷാ, ജനറല്‍ സെക്രട്ടറി റാം മാധവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തുക. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായിരിക്കും കൂടിക്കാഴ്ച.

വെടിനിര്‍ത്തല്‍ നീട്ടുന്നത് സംബന്ധിച്ച് ബിജെപിയും പിഡിപിയും തമ്മിലുണ്ടായ അഭിപ്രായ ഭിന്നതയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര നേതൃത്വം ഇടപെടാന്‍ ഒരുങ്ങുന്നത്. വെടിനിര്‍ത്തല്‍ നീട്ടണമെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി നിലപാടെടുത്തിരുന്നു. എന്നാല്‍, ഇതിന് വിരുദ്ധമായ നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്.

ഒരു സൈനികനെയും മാധ്യമപ്രവര്‍ത്തകനെയും ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ നീട്ടേണ്ടതില്ലെന്ന കേന്ദ്രത്തിന്റെ നിലപാട് എത്തിയത്. ഇതിന് പുറമെ, കേന്ദ്ര ആഭ്യന്തര മന്ത്രി സൈനിക നടപടി ആരംഭിക്കുവാന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *