പാലക്കാട്: മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ തല്ലിക്കൊന്ന കേസിൽ 7 പേർ അറസ്റ്റിൽ. പേരുവിവരങ്ങൾ അറിയാത്ത ഏകദേശം നാൽപത് വയസ്സുകാരനായ യുവാവാണ് കൊല്ലപ്പെട്ടത്. കൊഴിഞ്ഞാമ്പാറ സ്രാമ്പി ഉന്നതി സ്വദേശികളായ കാർത്തിക് (26), നവീൻ (24), സഞ്ജയ് (27), പ്രശാന്ത് (35), കതിരേശൻ (23), മണികണ്ഠൻ (25), സൂര്യപ്രകാശ് (22) എന്നിവരാണ് അറസ്റ്റിലായത്. വണ്ടിത്താവളം മൂലത്തറ റഗുലേറ്ററിന് സമീപമാണ് സംഭവം.
കഴിഞ്ഞ ഒരാഴ്ചയോളമായി ഈ പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുകയായിരുന്നു കൊല്ലപ്പെട്ട യുവാവ്. ഞായറാഴ്ച വൈകീട്ട് എട്ടരയോടെയാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പോസ്റ്റ് മോർട്ടം പരിശോധനയിലാണ് മരണത്തിലെ ദുരൂഹത പുറത്തുവന്നത്. യുവാവിന്റെ ശരീരത്തിൽ അൻപതിലേറെ മുറിപ്പാടുകളും തലയ്ക്ക് ഗുരുതരമായ ആന്തരിക രക്തസ്രാവവുമുണ്ടായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഇതാണ് മരണകാരണമെന്നും പോസ്റ്റ് മോർട്ടത്തിൽ സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലും സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലുമാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
യുവാവ് പ്രദേശത്തെ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ചാണ് തങ്ങൾ ആക്രമിച്ചതെന്നാണ് പ്രതികൾ പൊലീസിന് നൽകിയ മൊഴി. ശനിയാഴ്ച രാത്രി പണിയോടെ മദ്യലഹരിയിലായിരുന്ന പ്രതികൾ യുവാവിനെ അരക്കിലോമീറ്ററോളം ദൂരം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. നിലത്തിട്ട് ചവിട്ടിയും ക്രൂരമായി മർദ്ദിച്ചും അവശനാക്കിയ ഇയാൾ യാതൊരു പ്രതിരോധവും കാട്ടാതെ വന്നതോടെ പ്രതികൾ ഉപേക്ഷിച്ചു പോവുകയായിരുന്നു. ചിറ്റൂർ ഡിവൈഎസ്പി എം. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
